ഗാസയില്‍ താല്‍ക്കാലിക സമാധാന കരാര്‍ നിലവില്‍ വരികയാണ്. സ്ഥാനമൊഴിയുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് ഈ വിവരം പുറത്തുവിട്ടത്. പതിനഞ്ച് മാസം നീണ്ട യുദ്ധത്തിനാണ് ഇതോടെ താല്കാലിക അന്ത്യമുണ്ടായിരിക്കുന്നത്. താന്‍ അധികാരമൊഴിയുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ബൈഡന് സുപ്രധാനമായ കരാര്‍ പുറത്തുവിട്ടത്. ഇതിനായി ഖത്തറെന്ന സുഹൃദ രാജ്യത്തിന്റെ മധ്യസ്ഥത തേടിയതും വിജയിച്ചു. ഇതോടെയാണ് ഇസ്രായേല്‍-ഹമാസ് സമാധാന കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ജോ ബൈഡന് കളമൊരുക്കിയത്.
വൈറ്റ് ഹൗസില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ബൈഡന് സമാധാന കരാര്‍ അമേരിക്കന്‍ നയതന്ത്രത്തിന്റെയും, ദീര്‍ഘമായ പിന്നാമ്പുറ ചര്‍ച്ചകളുടെയും ഫലമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമാധാന കരാര്‍ നിലനില്‍ക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ബൈഡന് പറഞ്ഞു സമാധാന കരാര്‍ ആദ്യ ഘട്ടത്തിന്റെ കാലാവധി 42 ദിവസമാണ്. ആറ് ആഴ്ചകള്‍ക്ക് ശേഷം രണ്ടാം ഘട്ടത്തിലേക്ക് കടക്കും. അത് ഇസ്രായേല്‍ ഹമാസ് യുദ്ധത്തിന്റെ അവസാനമായിരിക്കുമെന്ന് ബൈഡന് പറഞ്ഞു.
കഴിഞ്ഞ മേയില്‍ അമേരിക്ക മുന്നോട്ട് വെച്ച സമാധാന കരാറിന്റെ കരട് രേഖയാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായത്. ഗാസയില്‍ വെടി നിര്‍ത്തലിനുള്ള കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈക്കാര്യം ബൈഡന് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഗസയില്‍ ശാന്തി പുലരുമെന്ന പ്രതീക്ഷയിലാണ് ലോകം. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്ഷ്യന്‍-ഖത്തര്‍ മധ്യസ്ഥര്‍ നടത്തിയ മാസങ്ങള്‍ നീണ്ട തീവ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ വഴിത്തിരിവ്. ബന്ദികളുടെയും പലസ്തീന് തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് വിവരം.
94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ പക്കലുളളത്. 1000 പലസ്തീനി തടവുകാരെയായിരിക്കും ഇസ്രയേല്‍ കൈമാറുക. ഖത്തറും അമേരിക്കയും ഈജിപ്തുമാണ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത്. മനുഷ്യരാശിയെ നടുക്കുന്നതായിരുന്നു ഇസ്രായേല്‍-ഹമാസ് യുദ്ധം. കുഞ്ഞുങ്ങളും സ്ത്രികളും ഉള്‍പ്പെടെ കൊല്ലപ്പെട്ടത് ഒരു ലക്ഷത്തോളം വരുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഫലസ്തീനിലെ മിക്ക പ്രദേശങ്ങളും തകര്‍ന്ന് തരിപ്പണമായി. മത ഭീകര സംഘടനയായ ഹമാസ് അധികാരം പിടിച്ചതിന്റെ ദുരന്തമാണ് ആ രാജ്യം അനുഭവിച്ചത്. യുദ്ധം തുടങ്ങി വെച്ചതും മുന്‍പോട്ടു കൊണ്ടുപോയതും ഹമാസാണ്. അവരുടെ ഒട്ടുമിക്ക നേതാക്കളും കൊല്ലപ്പെട്ടു.
കണ്ണും മൂക്കുമില്ലാതെ ഒന്നിന് പത്തായി ഇസ്രായേല്‍ തിരിച്ചടിച്ചതോടെ ആശുപത്രികള്‍ പോലും റോക്കറ്റ് ആക്രമണങ്ങളില്‍ തകര്‍ക്കപ്പെട്ടു. ശ്മശാന തുല്യമായ ഒരു രാജ്യമാണ് ഇന്ന് ഫലസ്തീന്. ലോകത്തിന്റെ ചോര പ്പൊട്ടായി മാറിയ രാജ്യത്തെ പുനര്‍നിര്‍മ്മിക്കേണ്ടതും യു.എന്നിന്റെ അടിയന്തിര കര്‍ത്തവ്യങ്ങളിലൊന്നാണ്. ഭക്ഷണവും വെള്ളവും താമസ സൗകര്യവുമില്ലാതെ അഭയാര്‍ത്ഥികളായ ജനങ്ങളെ ചേര്‍ത്ത് പിടിക്കേണ്ടത് ഇന്ത്യയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ്. അതു നിറവേറ്റുമെന്ന് പ്രതീക്ഷിക്കാം.
റോക്കറ്റിനും ബോംബുകള്‍ക്കും പകരം ഒലീവ് ഇല കൈയ്യിലേന്താന്‍ എല്ലാവരും തയ്യാറാകണം. റഷ്യ-ഉക്രൈയ്ന് യുദ്ധവും ശാശ്വതമായി അവസാനിപ്പിക്കാന്‍ ലോക രാജ്യങ്ങള്‍ തയ്യാറാകണം. എല്ലാ യുദ്ധങ്ങളും വിനാശം വിതയ്ക്കുക മാത്രമേ ചെയ്യുന്നുള്ളൂ.