തിരുവനന്തപുരം: ഭരണ- പ്രതിപക്ഷത്തിനു പരസ്പരം കടന്നാക്രമിക്കാന്‍ നിരവധി വിഷയങ്ങളുമായി നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു ഇന്ന് തുടക്കമാകും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപനത്തിനാണ് സഭ സാക്ഷ്യം വഹിക്കുന്നത്.ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ചു വന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും യു.ആര്‍. പ്രദീപിന്റെയും ആദ്യസമ്മേളനം കൂടിയാണിത്.
ഇവരില്‍ പ്രദീപ് മുമ്പു നിയമസഭാംഗമായ പാരമ്പര്യമുണ്ടെങ്കില്‍ രാഹുല്‍ പുതുമുഖമാണ്. രണ്ടു ടേമുകളിലായി നിലമ്പൂരിനെ പ്രതിനിധീകരിക്കുന്ന ഇടതുസ്വതന്ത്രന്‍ പി.വി. അന്‍വര്‍ സഭയിലുണ്ടാകില്ല എന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്.ഉപതെരഞ്ഞെടുപ്പുകളില്‍ പാലക്കാട്ടും വയനാട്ടിലും നേടിയ വിജയം പ്രതിപക്ഷത്തിന് ഉയര്‍ത്തിക്കാട്ടാമെങ്കില്‍ ചേലക്കര യു.ആര്‍. പ്രദീപിലൂടെ നിലനിര്‍ത്തിയത് ജനപിന്തുണയുടെ തെളിവായി ഭരണപക്ഷത്തിന് അവകാശപ്പെടാം. കരുവന്നൂര്‍ ബാങ്ക് മുതല്‍ സഹകരണമേഖലയിലെ തട്ടിപ്പുകള്‍ നിരന്തരമായി ഉന്നയിച്ചു വന്ന പ്രതിപക്ഷത്തിന് വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യയെ പ്രതിരോധിക്കാന്‍ നന്നായി ബുദ്ധിമുട്ടേണ്ടി വരും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃതലത്തിലെ ഭിന്നതകളും മുഖ്യമന്ത്രി സ്ഥാനം നോട്ടമിട്ട് നടത്തുന്ന നീക്കങ്ങളും ഭരണപക്ഷത്തിനു പ്രതിപക്ഷത്തെ പരിഹസിക്കുന്നതിനുള്ള വിഷയമാകും.
കടുത്ത എതിര്‍പ്പിനെ തുടര്‍ന്നു വിവാദ വനനിയമഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിച്ചെങ്കിലും വന്യമൃഗശല്യം സഭാസമ്മേളനത്തില്‍ സജീവമായി ഉയര്‍ന്നു വരും. ഈയടുത്ത ദിവസങ്ങളിലും കാട്ടാന ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഈ വിഷയം പ്രതിപക്ഷം ഉന്നയിക്കുമെന്ന് ഉറപ്പാണ്. പൂരം കലക്കലും എം.ആര്‍. അജിത്കുമാറിനു ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനവും ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ച കെ. ഗോപാലകൃഷ്ണനെതിരായ നടപടി പിന്‍വലിച്ചതും സഭാതലത്തില്‍ ചര്‍ച്ചയാകും. പാലക്കാട് ഉപതെരഞ്ഞെടുപ്പിലുണ്ടായ വിവാദങ്ങള്‍ സഭയിലും പ്രതിധ്വനിക്കും. ബിജെപി ധാരണയുടെ പേരില്‍ സിപിഎമ്മിനെ സംശയനിഴലില്‍ നിര്‍ത്തുന്ന യുഡിഎഫ് തന്ത്രം ഈ സമ്മേളനത്തിലും പ്രയോഗിക്കുമെന്നു വേണം കരുതാന്‍.യുജിസി കരടു റഗുലേഷനെതിരെ സഭ ഒറ്റക്കെട്ടായി പ്രതിഷേധിച്ചേക്കും. ഇതിനെതിരെ പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കുന്ന അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ആയിരിക്കും ഇത്തവണത്തേത്. സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കുന്നതുള്‍പ്പെടെയുള്ള ഒട്ടേറെ സാമ്പത്തിക നടപടികളും ഈ സമ്മേളന കാലയളവില്‍ പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബജറ്റും ശ്രദ്ധാകേന്ദ്രമാകും. നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ സമ്മേളനം ആരംഭിക്കും. ഇത്തവണ സമ്പൂര്‍ണ ബജറ്റ് പാസാക്കാനാണു തീരുമാനിച്ചിരിക്കുന്നത്.
മാര്‍ച്ച് 28 വരെ നീളുന്ന സമ്മേളനത്തില്‍ ആകെ 27 ദിവസം സഭ ചേരും. ഈ മാസം 20, 21, 22 ദിവസങ്ങളില്‍ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ഫെബ്രുവരി ഏഴിന് ബജറ്റ് അവതരണം. ഫെബ്രുവരി 10, 11, 12 തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് രണ്ടു വരെ സഭ ചേരില്ല.