തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനു മുന്നോടിയായി താഴേത്തട്ടത്തില്‍ സജ്ജമാക്കാന്‍ മാര്‍ഗരേഖയുമായി കെപിസിസി. താഴേത്തട്ടിലെ പ്രവര്‍ത്തകര്‍ കൃത്യമായി പ്രാദേശീക വിഷയങ്ങളില്‍ ഇടപെടേണ്ടതിന്റെ പ്രാധാന്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. പാര്‍ട്ടി പരിപാടികളില്‍ സജീവമല്ലാത്ത ഭാരവാഹികളുടെ പേരുവിവരങ്ങള്‍ കൈമാറാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. താഴെ തട്ടിലെ നേതാക്കള്‍ വരെ സമൂഹമാധ്യമങ്ങളില്‍ സജീവമാകണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ബൂത്ത് പ്രസിഡന്റുമാരെ പങ്കെടുപ്പിച്ച് മെയ് മാസം മഹാപഞ്ചായത്ത് ചേരാനാണ് പാര്‍ട്ടി തീരുമാനം.
പാര്‍ട്ടി പദവികളിലെത്തിയാല്‍ പിന്നീട് പരിപാടികളില്‍ പങ്കെടുക്കില്ല. ഈ നിലയില്‍ സംഘടനാ സംവിധാനത്തെ ഇനി മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന ബോധ്യത്തില്‍നിന്നാണ് പുതിയ മാര്‍ഗരേഖ തയാറാക്കിയത്. . സംസ്ഥാനത്തെ 282 ബ്ലോക്ക് കമ്മിറ്റികള്‍ക്ക് അയച്ച ഒമ്പത് പേജുള്ള കത്തില്‍ സംഘടന എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അക്കമിട്ടുനിരത്തുന്നു. ഇനിമുതല്‍ ബ്ലോക്ക് ഭാരവാഹികള്‍ക്ക് ചുമതലകള്‍ വിഭജിച്ചുനല്‍കും. പണിയെടുക്കാത്തവരുടെ പട്ടിക പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കൈമാറണം. കൃത്യമായി യോഗങ്ങള്‍ ചേരണം. പാര്‍ട്ടി ഓഫിസില്‍ ടിവിയും കമ്പ്യൂട്ടറും വേണം. ഫേസ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം നേതാക്കള്‍ സജീവമാകണം. പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കാനാകുമോ എന്നാണ് സംഘടനാ ജനറല്‍സെക്രട്ടറിയുടെ ശ്രമം.
മറ്റു പാര്‍ട്ടികളില്‍ നിന്ന് അകന്നുനില്‍ക്കുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും കോണ്‍ഗ്രസില്‍ എത്തിക്കാന്‍ പ്രത്യേക ശ്രമം ബ്ലോക്ക് കമ്മിറ്റികള്‍ നടത്തണം. സംസ്ഥാനത്ത് ആകെ 1498 മണ്ഡലം കമ്മിറ്റികളാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ ആയിരത്തി ഒരുനൂറിലധികം പുനസംഘടിപ്പിച്ചതായും വ്യക്തമാക്കുന്നു.