എ.എസ് ശ്രീകുമാര്‍
തിരുവനന്തപുരം: സമൂഹ മനസാക്ഷിയെ മരവിപ്പിച്ച ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് കേരളം പ്രതീക്ഷിച്ചതും പ്രാര്‍ത്ഥിച്ചതും പോലെ വധശിക്ഷ തന്നെ വിധിച്ചിരിക്കുന്നു. അരമണിക്കൂറിലേറെ നീണ്ട വിധി പ്രസ്താവത്തിലൂടെയാണ് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം ബഷീര്‍ ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നല്‍കിയിരിക്കുന്നത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കുറ്റവാളിയായും വധശിക്ഷ കാത്തുനില്ക്കുന്ന കേരളത്തിലെ രണ്ടാമത്തെ സ്ത്രീയായും ഗ്രീഷ്മ മാറി. വധശിക്ഷകാത്ത് കേരളത്തിലെ ജയിലുകളില്‍ ഇപ്പോള്‍ 39 പേരുണ്ട്.
കേസില്‍ തെളിവ് നശിപ്പിച്ച ഗ്രീഷ്മയുടെ അമ്മാവന് നിര്‍മലകുമാരന്‍ മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. 586 പേജുകളുള്ള വിധിന്യായത്തിലെ പ്രസക്ത ഭാഗങ്ങള്‍ സമൂഹത്തിന് ഒരു സുപ്രധാന സന്ദേശമെന്നോണം വായിച്ചുകൊണ്ടുള്ള ജഡ്ജിയുടെ വിധി പ്രസ്താവം കേട്ട് ഷാരോണിന്റെ മാതാപിതാക്കള്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് തൊഴുകൈയോടെ കോടതിക്ക് നന്ദി അറിയിച്ചു. ജഡ്ജി ചേംബറിലെത്തി വിധി വായിച്ചുതുടങ്ങിയപ്പോള്‍ പൊട്ടിക്കരഞ്ഞ ഗ്രീഷ്മ ശിക്ഷ തൂക്കുകയറാണെന്നറിഞ്ഞപ്പോള് ജഡ്ജിയെ പാളി നോക്കിയതല്ലാതെ പ്രത്യേക ഭാവങ്ങളൊന്നും പ്രകടിപ്പിച്ചില്ല.
ഗ്രീഷ്മ സമര്‍ത്ഥയായ കൊലപാതകിയാണെന്നും പ്രതി ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു വ്യക്തിയാണെന്നും കോടതി പറഞ്ഞു. ജ്യൂസ് ചലഞ്ച് നടത്തിയത് അതിന്റെ തെളിവാണ്. നേരത്തേയും പ്രതി വധശ്രമം നടത്തിയിട്ടുണ്ട്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പ്രതി കൃത്യം നടത്തിയത്. കുറ്റകൃത്യം നടത്തിയിട്ടും അവസാന നിമിഷം വരെ പിടിച്ചുനില്‍ക്കാനാണു ഗ്രീഷ്മ ശ്രമിച്ചത്. പ്രതിയുടെ പ്രായം മാത്രം നോക്കി ശിക്ഷായിളവ് നല്‍കാനാകില്ല. ഘട്ടം ഘട്ടമായി കൊലപാതകം ചെയ്യുകയെന്നായിരുന്നു പ്രതി ഉദ്ദേശിച്ചത്. 45-ഓളം തെളിവുകള്‍ ഗ്രീഷ്മക്ക് എതിരായി ഉണ്ടെന്നും കോടതി വ്യക്തമാക്കി.
ജ്യൂസ് ചലഞ്ച് നടത്തിയ വിഡിയോ ഷാരോണ്‍ മുന്‍പ് റെക്കോര്‍ഡ് ചെയ്ത് വച്ചതാണ് ഗ്രീഷ്മയ്ക്ക് കൂടുതല്‍ കുരുക്കായത്. ഗ്രീഷ്മയുടെ ആത്മഹത്യശ്രമം കേസിനെ വഴിതിരിച്ചുവിടാന്‍ വേണ്ടി മാത്രമായിരുന്നെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. വിവാഹമുറപ്പിച്ച ശേഷവും ഗ്രീഷ്മ ഷാരോണുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. ബന്ധം അവസാനിപ്പിക്കാന്‍ ഉറപ്പിച്ചാല്‍ കമിതാവിന് വിഷം നല്കി കൊലപ്പെടുത്തുക എന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഷാരോണ്‍ അനുഭവിച്ചത് കൊടിയ വേദനയാണ്. ആന്തരികാവയവങ്ങള്‍ ദ്രവിച്ച് 11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാനാവാതെയാണ് ഷാരോണ്‍ ആശുപത്രിയില്‍ കഴിഞ്ഞത്. ഗ്രീഷ്മയെ ഷാരോണ്‍ മര്‍ദിച്ചതിന് തെളിവില്ല. അതോടൊപ്പം തന്നെ പ്രതിഭാഗം ആരോപിക്കുന്നത് പോലെ ഗ്രീഷ്മയെ സ്വകാര്യ ചിത്രങ്ങള്‍ വെച്ച് ഏതെങ്കിലും തരത്തില്‍ ഭീഷണിപ്പെടുത്തിയതായുള്ള ഒരു തെളിവും ലഭിച്ചിട്ടില്ല. മരണക്കിടക്കയില്‍ കിടക്കുമ്പോഴും ഗ്രീഷ്മയെ ഷാരോണ്‍ സ്നേഹിച്ചു. ”വാവേ…” എന്നാണ് ഷാരോണ്‍ ഗ്രീഷ്മയെ വിളിച്ചിരുന്നത്. ഗ്രീഷ്മ ശിക്ഷിക്കപ്പെടരുതെന്നാണു ഷാരോണ്‍ ആഗ്രഹിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു.
തട്ടിക്കൊണ്ടുപോകല്‍, വിഷം നല്കല്, കൊലപാതക ശ്രമം, കൊലപാതകം, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കള്‍ തുടങ്ങിയ കുറ്റങ്ങളിലാണ് ഗ്രീഷ്മ ശിക്ഷിക്കപ്പെട്ടത്. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന കുറ്റമാണ് നിര്‍മ്മല നായര്‍ക്കെതിരെ ചുമത്തിയിരുന്നത്. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മയെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. ഒന്നാം പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് ഷാരോണിന്റെ കുടുംബവും പ്രോസിക്യൂഷനും വാദിച്ചപ്പോള്‍ പ്രായവും വിദ്യാഭ്യാസവും പരിഗണിച്ചു കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.
കേരളത്തെ ഒന്നാകെ നടുക്കിയ ഒന്നായിരുന്നു പാറശാലയിലെ ഷാരോണ്‍ വധം. സംഭവത്തില്‍ ഷാരോണിന്റെ കാമുകി ഗ്രീഷ്മയും അമ്മാവന് നിര്‍മലകുമാരനും കുറ്റക്കാരാണെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. സംശയത്തിന്റെ ആനുകൂല്യത്തില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടിരുന്നു. കേവലം 22 വയസ് മാത്രം പ്രായമുള്ള സമയത്താണ് ഗ്രീഷ്മ ഷാരോണ്‍ രാജിനെ (23) ഒരു കൂസലുമില്ലാതെ വിഷംകൊടുത്ത് കൊലപ്പെടുത്തിയത്. കോടതി പരാമര്‍ശിച്ചതുപോലെ ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് തന്നെയാണ്. ബി.എസ്.സി റേഡിയോളജി വിദ്യാര്‍ഥിയായിരുന്നു ഷാരോണ്‍.
വിശ്വസ വഞ്ചനയും അത്യാഗ്രവും ഭൗതിക സുഖഭോഗാസക്തിയും വ്യക്തികളില്‍ അന്തര്‍ലീനമായ ക്രിമിനല്‍ സഭാവത്തിന്റെ പൊട്ടിത്തെറിയുമാണ് ഈ കേസില്‍ നിഴലിക്കുന്നത്. 2021 ഒക്ടോബര്‍ മുതലാണ് ഷാരോണും ഗ്രീഷ്മയും പ്രണയത്തിലാവുന്നത്. ഒരേ ബസില്‍ കോളജിലേക്കുള്ള യാത്രയ്ക്കിടെയുള്ള പരിചയമാണ് പ്രണയമായി മൊട്ടിട്ടത്. ഒന്നര വര്‍ഷത്തോളം പ്രണയിച്ച് നടന്ന ഇരുവരും തിരുവനന്തപുരത്തെ വെട്ടുകാട് പള്ളിയിലെത്തി രഹസ്യമായി താലിയും കുങ്കുമവും ചാര്‍ത്തി വിവാഹിതരായി. പ്രണയകാലത്ത് ഇരുവരും നിരവധി തവണ ശാരീരിക ബന്ധത്തിലും ഏര്‍പ്പെട്ടു. എല്ലാ അര്‍ത്ഥത്തിലും ഇവര്‍ ഭാര്യാഭര്ത്താക്കന്മാരെ പോലെയാണ് ജീവിച്ചത്.
എന്നാല്‍ 2022 മാര്‍ച്ച് നാലിന് ഒരു സൈനികനുമായി ഗ്രീഷ്മയുടെ വിവാഹ നിശ്ചയം നടന്നു. ഇത് ഷാരോണിനെ തളര്‍ത്തി. കാഴ്ചയില്‍ സുമുഖനായിരുന്നു ആ പട്ടാളക്കാരന്. ഷാരോണിനാണെങ്കില് ജോലിയുമില്ല. വിവാഹ നിശ്ചയത്തിനായി ജാതകം പരിശേധിച്ചപ്പോള്‍ ആദ്യഭര്‍ത്താവിന് ദുര്‍മരണം സംഭവിക്കുമെന്ന് ജ്യോല്സ്യന് പറഞ്ഞുവത്രേ. ഷാരോണിനെ വകവരുത്തുക വഴി ആ കടമ്പ കടക്കാമെന്ന് ഗ്രീഷ്മയും വീട്ടുകാരും ഉറപ്പിച്ചു. സൈനികനൊപ്പം സുഖിച്ചുജീവിക്കാന്‍ ഗ്രീഷ്മ ആഗ്രഹിച്ചു. പണയത്തില്‍ നിന്ന് പിന്മാറാന് ഷാരോണും തയ്യാറായിരുന്നില്ല. ഷാരോണിന്റെ കൈവശം ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങളുണ്ടായിരുന്നു. ഇത് പ്രതിശ്രുത വരന് അയയ്ക്കുമെന്ന് ഗ്രീഷ്മ ഭയന്നിരുന്നു. അങ്ങനെയാണ് കൊലപാതകം പ്ലാന്‍ ചെയ്യുന്നത്.
ആദ്യം ജ്യൂസ് ചലഞ്ച് നടത്തി. പാരസെറ്റാമോള്‍ കലര്‍ത്തിയ ജ്യൂസ് ഷാരോണിനെ കൊണ്ട് കുടിപ്പിച്ചായിരുന്നു ആദ്യ ശ്രമം. ദേഹാസ്വസ്ഥ്യമുണ്ടായെങ്കിലും അന്ന് ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീട് വീട്ടിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ക്രൂരത. 2022 ഒക്ടാബര്‍ 14-നാണ് ഈ കൊടിയ കുറ്റകൃത്യം നടന്നത്. വിഷം കലര്‍ത്തിയ കഷായം ഷാരോണിന് നല്‍കുന്നതിന്റെ തലേദിവസം രാത്രി ഒരു മണിക്കൂര്‍ ഏഴു മിനിറ്റ് ലൈംഗിക കാര്യങ്ങളാണ് ഗ്രീഷ്മ ഷാരോണിനോട് സംസാരിച്ചതെന്ന് വാട്സ്ആപ്പ് ചാറ്റുകള്‍ വ്യക്തമാക്കുന്നു.
പിറ്റേദിവസം വീട്ടില്‍ ആരുമുണ്ടാകില്ലെന്നും ഇവിടെ വരണമെന്നും പറഞ്ഞ് നിര്‍ബന്ധിച്ചു. 2022 ഒക്ടോബര്‍ 14-ന് രാവിലെ 7.35 മുതല്‍ ലൈംഗിക ബന്ധത്തിന് വീട്ടിലേക്ക് വരാനായി ഗ്രീഷ്മ ഷാരോണിനെ വീണ്ടും നിര്‍ബന്ധിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ലൈംഗിക ചുവയോടെ ഷാരോണിനെ വശീകരിച്ച് വീട്ടിലെത്തിച്ച ഗ്രീഷ്മ, ”ഏത് കയ്പ്പും കഴിക്കുന്ന ആളല്ലേ, എന്നാല്‍ ഈ കഷായം ഒന്ന് കുടിക്ക്…” എന്നു പറഞ്ഞാവണം ശാരീരികമായി ബന്ധപ്പെട്ടതിനുശേഷം ഷാരോണിനെക്കൊണ്ട് അത് കുടിപ്പിച്ചത്. ഗ്രീഷ്മയുടെ അമ്മയ്ക്ക് കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നു. ഷാരോണ്‍ എത്തുംമുമ്പ് അവര്‍ വീട്ടില്‍ നിന്നും മാറി.
സുഹൃത്തിനൊപ്പമാണ് ഷോരോണ്‍ ഗ്രീഷ്മയുടെ വീട്ടിലെത്തിയത്. അയാളെ പുറത്തുനിര്‍ത്തിയായിരുന്നു തന്റെ കാമുകിയെ കാണാന്‍ പോയത്. കഷായം കഴിച്ച ഉടന്‍ ദേഹാസ്വസ്ഥ്യമുണ്ടായ ഷാരോണ്‍ നിര്‍ത്താതെ ഛര്‍ദിച്ചതിനെ തുടര്‍ന്ന് സുഹൃത്തും കൂടി ചേര്‍ന്നാണ് ഷാരോണിനെ ആശുപത്രിയിലെത്തിച്ചത്. ഒടുവില്‍ 11 ദിവസത്തെ ചികിത്സ ഫലിക്കാതെ ആന്തരികാവയവങ്ങള്‍ തകര്‍ന്ന് ഷാരോണ്‍ മരണത്തിന് കീഴടങ്ങി. മജിസ്ട്രേറ്റിന് നല്കിയ മരണമൊഴിയില്‍ ഗ്രീഷ്മക്കെതിരെ ഷാരോണ്‍ ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോണ്‍ പറഞ്ഞെന്നായിരുന്നു പ്രോസിക്യൂഷന് വാദം.
കൃഷിക്കാരനായ അമ്മാവന് നിര്മലകുമാരന്റെ പക്കല്‍ നിന്നാണ് പാരാക്വാറ്റ് ഡൈക്ലോറൈഡ് എന്ന കളനാശിനി ഗ്രീഷ്മ സംഘടിപ്പിച്ചത്. പ്രമാദമായ ഈ കേസിന്റെ വിചാരണ 2024 ഒക്ടോബര്‍ 15-ന് തുടങ്ങി 2025 ജനുവരി മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെ കോടതി വിസ്തരിച്ചു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22-ാം വയസിലാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഗ്രീഷ്മയ്ക്കെതിരെ പ്രോസിക്യൂഷന് കോടതിയില്‍ ഡിജിറ്റല്‍ തെളിവുകള്‍ സമര്‍പ്പിച്ചിരുന്നു. പാരാക്വാറ്റിന്റ മനുഷ്യ ശരീരത്തിലെ പ്രവര്‍ത്തന രീതിയും ഇത് അകത്ത് ചെന്നാല്‍ ഒരാള്‍ എത്ര നേരം കൊണ്ട് മരിക്കുമെന്നുമൊക്കെ സംഭവദിവസം ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തിരുന്നു. ഇത് ഗ്രീഷ്മയുടെ ഫോണില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രാണന്‍പിടഞ്ഞു തീരുമ്പോഴും കാമുകി തന്നെ ചതിക്കുമെന്ന് ഷാരോണ്‍ കരുതിയിരുന്നില്ല. ഗ്രീഷ്മയെ അത്രയ്ക്കും ഇഷ്ടമായിരുന്നു ഷാരോണിന്. ആ ഇഷ്ടം വിശ്വാസമായി വളര്‍ന്നതുകൊണ്ടാണ് ഗ്രീഷ്മ നല്കിയ കഷായം ഷാരോണ്‍ രണ്ടാമതൊന്നാലോചിക്കാതെ കുടിച്ചത്. കേരളം കണ്ടതില്‍ വച്ചേറ്റവും ദാരുണ കൊലപാതകങ്ങളില്‍ ഒന്നാണ് പാറശാലയിലെ ഷാരോണിന്റേത്. പ്രതീക്ഷയോടെ തങ്ങള്‍ വളര്‍ത്തിയ മകനെയോര്‍ത്ത് കണ്ണീര് വാര്‍ക്കുകയല്ലാതെ മാതാപിതാക്കള്‍ക്ക് മറ്റ് നിവര്ത്തിയില്ലാതായിരിക്കുന്നു. പ്രിയപുത്രനെ ഇല്ലാതാക്കിയവള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് അവരുടെയും മനസ് പറഞ്ഞത്. കോടതി അങ്ങനെ തന്നെ നക്ഷത്രക്കൂട്ടത്തിലൊളിച്ച ഷാരോണിനും കുടുംബത്തിനും നീതി നടപ്പാക്കി.