(എബി മക്കപ്പുഴ)
ഡാളസ്:പാറശ്ശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മക്ക് വധ ശിക്ഷ വിധിച്ചതോടെ എട്ടു മാസത്തിനുള്ളിൽ നാലു തൂക്കു കയർ വിധി എന്ന റിക്കാർഡുമായി നെയ്യാറ്റിന്‍കര ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം ബഷീര്‍ പ്രശസ്തിയുടെ കുതിപ്പായി മാറി.
2024 മേയില്‍ വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലാണ് എ എം ബഷീര്‍ ഇതിനുമുമ്പ് വധശിക്ഷ വിധിച്ചത്. ഒരു സ്ത്രീയും മകനുമടക്കം മൂന്നുപേര്‍ക്കാണ് അന്ന് തൂക്കുകയര്‍ വിധിച്ചത്.
കേരളത്തില്‍ വധശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വനിതാകുറ്റവാളിയാണ് ഗ്രീഷ്മ. പ്രായം കുറവുള്ളവളാണെന്നും,ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പഠിക്കാന്‍ മിടുക്കിയാണെന്നും ഒക്കെയുള്ള വാദങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു ബഷീർ നടത്തിയ ശിക്ഷാവിധി.
ന്യായാധിപന്‍ എന്നതിനപ്പുറം സാഹിത്യകാരനെന്ന നിലയിലും പ്രശസ്തനാണ് എ എം ബഷീര്‍.ധാരാളം സാഹിത്യ കൃതികൾ തിരക്കിട്ട ജോലിക്കിടയിലും എഴുതിക്കൊണ്ടിരിക്കുന്നു.
വടക്കാഞ്ചേരിയില്‍ അഭിഭാഷകനായിരിക്കെ, 2002ല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റായി. തുടര്‍ന്ന്, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ചങ്ങനാശ്ശേരി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ ജോലി ചെയ്തു.
അക്രമവും കൊലയും അനുദിനം കൂടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നിയമം കൈവിടാതെ നീതിപൂർവം ന്യായം നടത്തുന്ന എ എം ബഷീറിനെ പോലെയുള്ള ന്യായാധിപന്മാർ ഇന്ത്യയിൽ കൂടുതലായി ഉണ്ടാകേണ്ടിയിരിക്കുന്നു.