കൊച്ചി:നിർമാതാവ് സാന്ദ്രാ തോമസിന്റെ പരാതിയിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനും നിർമാതാവ് ആന്റോ ജോസഫിനുമെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. ബിഎൻഎസ് 351(2) വകുപ്പു പ്രകാരമാണ് കേസ്. പൊതുമധ്യത്തിൽ അപമാനിച്ചു എന്നാണ് സാന്ദ്രയുടെ ആരോപണം.
ഹേമ കമ്മിറ്റിയിൽ പ്രതികൾക്കെതിരെ മൊഴി നൽകിയതിന്റെ വിരോധത്തിൽ ഫെഫ്ക ജനറല്‍ സെക്രട്ടറിയും മറ്റു ഭാരവാഹികളായ പ്രതികളും ചേർന്ന് 2024 ഓഗസ്റ്റ് 28 മുതൽ തൊഴിൽ മേഖലയിൽനിന്നു മാറ്റിനിർത്തിയെന്നാണ് പരാതി. സിനിമാ മേഖലയിലെ മറ്റു പലരോടും സഹകരിക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നും ഒരു സിനിമ പോലും നിർമിക്കാൻ അനുവദിക്കില്ല എന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചുവെന്നുമാണ് സാന്ദ്ര തോമസ് നൽകിയ പരാതിയിൽ പറയുന്നു.
നേരത്തെ നിര്‍മാതാക്കളുടെ സംഘടനയിൽനിന്ന് സാന്ദ്രയെ പുറത്താക്കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം സംഘടനയ്ക്കെതിരെ സാന്ദ്ര വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നു വിശദീകരണം തേടി തൃപ്തികരമല്ല എന്നു വ്യക്തമാക്കി പുറത്താക്കുകയുമായിരുന്നു. ഇതിനെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്. എന്നാൽ തന്നെ സംഘടനയിൽനിന്നു പുറത്താക്കാനും മറ്റും ബി.ഉണ്ണികൃഷ്ണൻ നിർണായക പങ്കുവഹിച്ചു എന്നാണ് സാന്ദ്രയുടെ ആരോപണം.
അതേസമയം, സാന്ദ്ര തോമസുമായി യാതൊരു പ്രശ്നവുമില്ലെന്നും അവരുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ബി.ഉണ്ണികൃഷ്ണനും പ്രതികരിച്ചു. ‘‘അവർ എനിക്കെതിരെ പറയുന്ന കാര്യങ്ങളെല്ലാം തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവരുമായി സഹകരിക്കാതിരുന്നിട്ടില്ല. വേതനം കൃത്യമായി തരുന്ന ഏതൊരു നിർമാതാവുമായിട്ടും സഹകരിക്കാൻ തൊഴിലാളി സംഘടനയായ ഫെഫ്ക ഒരുക്കമാണ്. ഈ അടുത്തകാലം വരെ അവരുമായി നല്ല സഹകരണം ഉണ്ടായിരുന്നു’’ – അദ്ദേഹം പ്രതികരിച്ചു.