ചങ്ങനാശേരി : കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിനെ കത്തോലിക്കാ സഭയും മറ്റു മതങ്ങളും തമ്മിലുള്ള സൗഹാർദവും സംവാദവും വർധിപ്പിക്കുന്നതിനുള്ള തിരുസംഘത്തിന്റെ തലവനായി (ഇന്റർ റിലീജിയസ് ഡിക്കാസ്റ്ററി പ്രീഫെക്ട്) ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഈ സ്ഥാനത്തേക്കെത്തുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ രൂപീകരിച്ച സംഘമാണിത്.
കഴിഞ്ഞ നവംബറിൽ അന്തരിച്ച കർദിനാൾ ആയൂസോ ഗിഷോഡിന്റെ പിൻഗാമിയായാണു ചങ്ങനാശേരി അതിരൂപതാംഗമായ കർദിനാൾ കൂവക്കാട് ചുമതലയേൽക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ വിദേശയാത്രകളുടെ ചുമതല കർദിനാൾ കൂവക്കാട് തുടർന്നും വഹിക്കും.
മതാന്തര സംഭാഷണം കേവലം മതങ്ങൾ തമ്മിലുള്ള സംഭാഷണമല്ല, മറിച്ച് ദൈവവിശ്വാസത്തിന്റെ സൗന്ദര്യത്തിനു സാക്ഷ്യം വഹിക്കുന്നതാണെന്ന് കർദിനാൾ മാർ ജോർജ് കൂവക്കാട് പറഞ്ഞു. ഇസ്‌ലാം മതവിശ്വാസികളുമായുള്ള സംഭാഷണത്തിന് ഏറെ ഊന്നൽ നൽകും. മതങ്ങൾക്കിടയിൽ സൗഹൃദമാണു സ്വപ്നം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.