76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങുകയാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സമുചിതമായ രീതിയില്‍ റിപ്പബ്ലിക് ദിനാഘോഷപരിപാടികള്‍ സംഘടിപ്പിക്കും. രാജ്യത്തിന്റെ ഭരണഘടന നിലവില്‍ വന്നതിന്റെ ഓര്‍മയ്ക്കായാണ് ഈ ദിവസം ആഘോഷിക്കുന്നത്.
റിപ്പബ്ലിക്ദിന ആഘോഷങ്ങളുടെ പ്രധാന്യം
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ കോളനി സ്ഥാപിച്ച കാലത്താണ് ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറുന്നതിനുള്ള യാത്ര ആരംഭിച്ചത്. 1947 ഓഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും തുടക്കകാലത്ത് ബ്രിട്ടീഷുകാരുടെ നിയമനിര്‍മാണത്തിന് കീഴിലാണ് രാജ്യം പ്രവര്‍ത്തിച്ചിരുന്നത്. ജനാധിപത്യ തത്വങ്ങളും വൈവിധ്യമാര്‍ന്ന പൈതൃകവും ഉള്‍ക്കൊള്ളുന്ന രാജ്യത്തിന്റെ സ്വന്തം ചട്ടക്കൂട് ആവശ്യമായിരുന്നു. തുടർന്നാണ് ഭരണഘടന സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ രാജ്യം നടത്തിയത്.
വലിയതോതിലുള്ള ചര്‍ച്ചകള്‍ക്കു മറ്റും ശേഷം ഭരണഘടനാ അസംബ്ലി 1949 നവംബര്‍ 26ന് ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചു. എങ്കിലും അത് നടപ്പിലാക്കിയത് 1950 ജനുവരി 26ന് ആയിരുന്നു. അന്നാണ് രാജ്യം ഔദ്യോഗികമായി സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയത്. അന്ന് മുതല്‍ എല്ലാ വര്‍ഷവും ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആചരിച്ചുവരുന്നു.
റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് എങ്ങനെ?
76ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പൈതൃകവും പ്രതിരോധ സന്നാഹങ്ങളും സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങളും വ്യക്തമാക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് ഏറ്റവും ആകര്‍ഷണം. പരേഡില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രാബോവോ സുബെയന്റോ ആണ് മുഖ്യാതിഥി. കര്‍ത്തവ്യ പഥില്‍ നടക്കുന്ന പരേഡില്‍ ഇന്ത്യന്‍ സായുധ സേനയുടെ സംഘത്തിനൊപ്പം ഇന്തോനേഷ്യയില്‍ നിന്നുള്ള 160 അംഗ മാര്‍ച്ചിംഗ് സംഘവും 190 അംഗ ബാന്‍ഡ് സംഘവും പങ്കെടുക്കുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
26-ാം തീയതി രാവിലെ പത്തിമണിക്കാണ് ആഘോഷ പരിപാടികള്‍ ആരംഭിക്കുക. ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അര്‍പ്പിക്കും. കുതിരകള്‍ വലിക്കുന്ന വണ്ടിയില്‍(ceremonial buggy) രാഷ്ട്രപതി ദ്രൗപതി മുര്‍മു കര്‍ത്തവ്യപഥില്‍ എത്തും. സായുധ സേന, അര്‍ധ സൈനിക സേന, ഓക്‌സിലറി സിവില്‍ സേവന, എന്‍സിസി, എന്‍എസ്എസ് എന്നിവര്‍ പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റിനിടെ അവര്‍ സല്യൂട്ട് സ്വീകരിക്കും.
വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള മന്ത്രാലയങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലുള്ള 31 നിശ്ചലദൃശ്യങ്ങളാണ് ഇത്തവണ പരേഡില്‍ പങ്കെടുക്കുക. സ്വര്‍ണിം ഭാരത്: വിരാസത് ഔര്‍ വികാസ് എന്ന തീമിലുള്ള നിശ്ചലദൃശ്യങ്ങലാണ് അവതരിപ്പിക്കുക. ദേശീയ ഗാന ആലാപനത്തിന് ശേഷം ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വര്‍ഷികത്തിന്റെ ഔദ്യോഗിക ലോഗോയുടെ ബാനറുകള്‍ പതിച്ച ബലൂണുകള്‍ പുറത്തിറക്കും. 47 വിമാനങ്ങള്‍ പങ്കെടുക്കുന്ന ഫ്‌ളൈ പാസ്റ്റോടെ ആഘോഷങ്ങള്‍ സമാപിക്കും.
ഭരണഘടന നിലവില്‍ വരുന്നതിന് ജനുവരി 26 തിരഞ്ഞെടുത്തത് എന്തുകൊണ്ട്?
ജനുവരി 26 എന്ന തീയതിയുടെ തിരഞ്ഞെടുപ്പിന് ആഴത്തിലുള്ള ചരിത്രപ്രാധാന്യമുണ്ട്. 1930 ജനുവരി 26നാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ‘പൂര്‍ണ സ്വരാജ്’ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ഈ പ്രഖ്യാപനത്തിന് നിര്‍ണായകമായ സ്ഥാനമുണ്ട്. തുടര്‍ന്ന് ഭരണഘടന നിലവില്‍ വരുന്നതിന് ഈ ദിവസം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും ഇന്ത്യയുടെ റിപ്പബ്ലിക്കന്‍ സ്വത്വവും തമ്മില്‍ അര്‍ത്ഥവത്തായ ഒരു ബന്ധം സൃഷ്ടിക്കുന്ന ദിനമാണിത്.