ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയ്ക്ക് പോകാനുള്ള പണം കണ്ടെത്തുന്നതിനായി മൂന്ന് വീടുകളില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശിയായ അരവിന്ദ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭോല എന്ന പേരിലറിയപ്പെടുന്ന ഇയാള്‍ ജനുവരി 17നാണ് രാജ്പൂരിലെ മൂന്ന് വീടുകള്‍ കൊള്ളയടിച്ചത്.
വീടുകളില്‍ നിന്നും സ്വര്‍ണ്ണമുള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു. തക്കസമയത്ത് പോലീസ് ഇടപെട്ടതോടെയാണ് ഇയാളെ പിടികൂടാന്‍ കഴിഞ്ഞത്. കുംഭമേളയ്ക്ക് പോകാനുള്ള പണത്തിനായാണ് താനും തന്റെ സുഹൃത്തുക്കളും മോഷണം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ദിവസവേതന തൊഴിലാളിയാണ് ഭോലയുടെ പിതാവ്. വീട്ടുജോലിക്കാരിയായ അമ്മയും ഏഴ് സഹോദരങ്ങളുമടങ്ങുന്ന കുടുംബമാണ് തന്റേതെന്നും ഭോല പറഞ്ഞു. ഭോലയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. അതേസമയം ഇതാദ്യമായല്ല ഭോല ഇത്തരമൊരു കേസില്‍ ഉള്‍പ്പെടുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 16 മോഷണകേസില്‍ പ്രതിയാണ് ഭോല. നിരവധി വീടുകളിലും ഇയാള്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്. 2020ലാണ് ഇയാള്‍ ആദ്യമായി പൊലീസ് പിടിയിലാകുന്നത്. ലഹരിക്കടിമയാണ് ഭോല എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഭോലയെ മോഷണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
അതേസമയം കുംഭമേളയ്ക്കെത്തുന്ന ഭക്തരെ കെണിയില്‍ വീഴ്ത്താന്‍ നിരവധി തട്ടിപ്പുസംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭക്തര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ വെബ്സൈറ്റുകളിലൂടെ പണം തട്ടുന്ന സൈബര്‍ തട്ടിപ്പുസംഘങ്ങളും ഇപ്പോള്‍ വ്യാപകമാണ്. വാട്സ് ആപ്പിലൂടെയും ഡിജിറ്റല്‍ പേയ്മെന്റ് സൈറ്റുകളിലൂടെയുമാണ് ഈ സംഘം ഭക്തരില്‍ നിന്ന് പണം കൈക്കലാക്കുന്നത്.
’’ തട്ടിപ്പുസംഘം വ്യാജ വെബ്സൈറ്റുകളിലൂടെയും പരസ്യങ്ങളിലൂടെയും ഭക്തരെ ആകര്‍ഷിക്കുന്നു.താമസസൗകര്യം വാഗ്ദാനം ചെയ്താണ് ഇവര്‍ ഭക്തരിലേക്ക് എത്തുന്നത്. ഇവരുടെ വാക്കുകള്‍ വിശ്വസിച്ച് ഭക്തര്‍ ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകള്‍ വഴി പണം നല്കുന്നു. പണം കൈക്കലാക്കിക്കഴിഞ്ഞാല്‍ ഈ സംഘം അപ്രത്യക്ഷമാകുന്നു. അപ്പോള്‍ മാത്രമാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് ഭക്തര്‍ക്ക് മനസിലാകുക,’’ എന്ന് ഒരു സൈബര്‍ സെക്യൂരിറ്റി സ്ഥാപനത്തിലെ ചീഫ് ടെക്നോളജി ഓഫീസറായ ധീരജ് ഗുപ്ത പറഞ്ഞു.
ജനുവരി 13നാണ് മഹാകുംഭമേളയ്ക്ക് തുടക്കമായത്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് മഹാകുംഭമേളയില്‍ പങ്കെടുക്കാനായി പ്രയാഗ് രാജിലേക്ക് എത്തുന്നത്. ഗംഗ-യമുന-സരസ്വതി നദീ സംഗമമായ ത്രിവേണി സംഗമത്തില്‍ മുങ്ങിനിവര്‍ന്ന് പുണ്യസ്നാനം ചെയ്യാനാണ് ഭക്തര്‍ പ്രയാഗ് രാജിലേക്ക് ഒഴുകിയെത്തുന്നത്. ഫെബ്രുവരി 26നാണ് മഹാകുംഭമേള ചടങ്ങുകള്‍ അവസാനിക്കുക.