തിരുവനന്തപുരം: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മല്‌സരത്തില്‍ കേരളത്തിന് 363 റണ്‍സ് വിജയലക്ഷ്യം. മധ്യപ്രദേശ് രണ്ടാം ഇന്നിങ്‌സ് എട്ട് വിക്കറ്റിന് 369 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയിലാണ്.
ഇന്ത്യന്‍ താരങ്ങളായ രജത് പട്ടീദാറിന്റെയും വെങ്കടേഷ് അയ്യരുടെയും ബാറ്റിങ് മികവാണ് രണ്ടാം ഇന്നിങ്‌സില്‍ മധ്യപ്രദേശിന് തുണയായത്. രണ്ട് വിക്കറ്റിന് 140 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ മധ്യപ്രദേശിന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ശുഭം ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായി. 54 റണ്‍സെടുത്ത ശുഭം ശര്‍മ്മയെ ബേസിലാണ് പുറത്താക്കിയത്. തുടര്‍ന്ന് രജത് പട്ടീദാറും ഹര്‍പ്രീത് സിങ്ങും ചേര്‍ന്ന കൂട്ടുകെട്ടില്‍ 71 റണ്‍സ് പിറന്നു. 92 റണ്‍സെടുത്ത രജത് പട്ടീദാറിനെയും 36 റണ്‍സെടുത്ത ഹര്‍പ്രീത് സിങ്ങിനെയും ബേസില്‍ തന്നെ മടക്കി. തുടര്‍ന്നെത്തിയ വെങ്കടേഷ് അയ്യരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് മധ്യപ്രദേശിനെ അതിവേഗം സ്‌കോര്‍ ഉയര്‍ത്തി ഡിക്ലയര്‍ ചെയ്യാന്‍ സഹായിച്ചത്. വെങ്കടേഷ് അയ്യര്‍ 70 പന്തില്‍ നിന്ന് 80 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ട് ഫോറും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു വെങ്കിടേഷിന്റെ ഇന്നിങ്‌സ്. കേരളത്തിന് വേണ്ടി ബേസില്‍ എന്‍ പി നാലും ജലജ് സക്‌സേന രണ്ടും നിധീഷ് എംഡിയും ആദിത്യ സര്‍വാടെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 24 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്റെ വിക്കറ്റാണ് നഷ്ടമായത്. രോഹന്‍ കുന്നുമ്മല്‍ നാല് റണ്‍സോടെ ക്രീസിലുണ്ട്.