സോൾ: ദക്ഷിണ കൊറിയയിൽ 179 പേരുടെ മരണത്തിനിടയായ ജെജു വിമാന അപകടത്തിൽ വിമാനത്തിന ന്റെ എൻജിനിൽ നിന്ന് ദേശാടന പക്ഷിയുടെ രക്തക്കറയും തൂവലും കണ്ടെത്തി. തകർന്നുവീണ ബോയിംഗ് ജെറ്റിന്‍റെ രണ്ട് എഞ്ചിനുകളിൽ നിന്ന് രക്തക്കറ കണ്ടെത്തിയതിൽ പുതിയ വിവരങ്ങൾ.
അപകടസ്ഥലത്ത് നിന്ന് കണ്ടെടുത്ത എഞ്ചിനുകളിൽ ഒന്നിൽ കണ്ടെത്തിയ തൂവലും രക്തക്കറയും ദേശാടന പക്ഷിയുടേതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കൂട്ടത്തോടെ സഞ്ചരിക്കുന്ന താറാവ് ഇനത്തിൽപ്പെട്ട ദേശാടന പക്ഷിയുടെ തൂവലാണ് വിമാനത്തിന്‍റെ എഞ്ചിനിൽ നിന്നും കണ്ടെത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു. പക്ഷിയിടിച്ചതാകാം വിമാനം അപകടത്തിൽപ്പെട്ടതെന്ന് സൂചന ഉണ്ടായിരുന്നു .
2024 ഡിസംബർ 29നാണ് ലോകത്തെ നടുക്കിയ വിമാന അപകടം സംഭവിച്ചത്. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതിൽ 179 പേർ അപകടത്തിൽ കൊല്ലപ്പെട്ടു. അപകടം നടക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ്, പ്രാദേശിക സമയം ഏകദേശം 08:57 ന്, പൈലറ്റുമാർ വിമാനത്താവളവുമായി ബന്ധപ്പെട്ടിരുന്നു, പക്ഷികളുടെ സാന്നിധ്യത്തെക്കുറിച്ച് കൺട്രോൾ ടവർ ജീവനക്കാരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ 08:59 ന്, വിമാനം ഒരു പക്ഷിയെ ഇടിച്ചതായും മെയ്ഡേ സിഗ്നൽ വേണമെന്നും പൈലറ്റ് അറിയിച്ചു. തുടർന്ന് പൈലറ്റ് എതിർദിശയിൽ നിന്ന് ലാൻഡ് ചെയ്യാൻ അനുമതി തേടി. ഈ സമയത്ത് ലാൻഡിംഗ് ഗിയർ പ്രവർത്തിക്കാതെ അപകടമുണ്ടായെന്നാണ് നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയച്ചു.
തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളമായ മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമർന്നത്. പുറത്ത് വന്ന ദൃശ്യങ്ങളില്‍ വിമാനം ലാന്‍ഡിങ് ഗിയറില്ലാതെ റണ്‍വേയിലൂടെ തെന്നി നീങ്ങുന്നതും മതിലില്‍ ഇടിച്ച് തകരുന്നതും വ്യക്തമാണ്. ഫ്ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറുകളും അടങ്ങിയ ബ്ലാക്ക് ബോക്സുകൾ ദുരന്തത്തിന് നാല് മിനിറ്റ് മുമ്പ് റെക്കോർഡിംഗ് നിർത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.