വാഷിംഗ്ടൺ: വരുന്ന നാലു വര്‍ഷത്തിനുള്ളില്‍ കോവിഡ് പോലെ മറ്റൊരു പകര്‍ച്ചവ്യാധി ഉണ്ടാകുമെന്ന പ്രവചനവുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. മഹാമാരി ഉണ്ടാവാനുള്ള സാധ്യത 10 മുതല്‍ 15 ശതമാനം വരെയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം.
‘അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഒരു സ്വാഭാവിക പകര്‍ച്ചവ്യാധി ഉണ്ടാകാനുള്ള സാധ്യത 10 നും 15 ശതമാനത്തിനും ഇടയിലാണ്. കഴിഞ്ഞ തവണത്തേക്കാള്‍ നമ്മള്‍ അതിനായി കൂടുതല്‍ തയ്യാറാണെന്ന് കരുതുന്നത് നന്നായിരിക്കും. പക്ഷേ ഇതുവരെ നമ്മള്‍ അങ്ങനെ ചെയ്തിട്ടില്ല.’ – ബില്‍ ഗേറ്റ്‌സ് പറഞ്ഞു.
മറ്റൊരു മഹാമാരിയെ നേരിടാന്‍ നമ്മള്‍ തയാറെടുപ് നടത്തിയിട്ടില്ലെന്ന് ആഗോള തയ്യാറെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗേറ്റ്‌സ് പറഞ്ഞു. ലോകമെമ്പാടുമുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള നിലവിലുള്ള ആശങ്കകളില്‍ നിന്നും കോവിഡ് മഹാമാരിയില്‍ നിന്ന് പഠിച്ച പാഠങ്ങളില്‍ നിന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
മഹാമാരിയെ നേരിടാനുള്ള തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി സ്ഥിരം ശബ്ദമാണ് ബില്‍ ഗേറ്റ്‌സ്. 2015ല്‍ ലോകം ഒരു മാരകമായ മഹാമാരിയെ നേരിടാന്‍ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കി. ഒരു ടെഡ് ടോക്കിലായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം. കോവിഡ് മഹാമാരി സമയത്ത് ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം ശരിയായിരുന്നു എന്നാണ് അനുഭവങ്ങള്‍ പഠിപ്പിച്ചത്.