തിരുവനന്തപുരം: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആരോഗ്യ എക്സ്പോയായ അറബ് ഹെല്‍ത്തില്‍ കേരളത്തിന് പങ്കാളിത്തം. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അറബ് ഹെല്‍ത്തില്‍ കേരളം പവലിയന്‍ ഒരുക്കുന്നത്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ (കെഎസ്ഐഡിസി) നേതൃത്വത്തിലാണ് ഈ പവലിയന്‍.കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ (കെഎസ്ഐഡിസി), കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക് (കെഎല്‍ഐപി), കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം (കെഎംടിസി) എന്നിവരുടെ നേതൃത്വത്തിലാണ് അറബ് ഹെല്‍ത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘം പങ്കെടുക്കുന്നത്.
ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ തിങ്കളാഴ്ച ആരംഭിച്ച നാല് ദിവസത്തെ എക്സ്പോയിലെ കെഎസ്ഐഡിസി പവലിയനില്‍ കേരളത്തില്‍ നിന്നുള്ള ആറ് കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. ലിബര്‍ട്ടി മെഡ് സപ്ലൈസ്, പ്രിമസ് ഗ്ലൗസ്, ഇക്സൈം മെഡ്ടെക്, ജയോണ്‍ ഇംപ്ലാന്‍റ്സ്, ഹാരിസണ്‍ കോടി ലൈഫ്കെയര്‍, ഐ ഓര്‍ബിറ്റ് ഡിജിറ്റല്‍ ടെക്നോളജീസ് എന്നീ കമ്പനികളാണ് എക്സ്പോയില്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത്.
മിഡില്‍ ഈസ്റ്റ്, യുഎസ്, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നായി 80 ലധികം രാജ്യങ്ങള്‍ എക്സ്പോയില്‍ പങ്കെടുക്കുന്നുണ്ട്. 40 ലധികം രാജ്യങ്ങളുടെ പവലിയനുകളും എക്സ്പോയിലുണ്ട്.