വയനാട്: വന്യമൃഗശല്യം കൊണ്ട് വയനാട്ടിലെ ജനങ്ങള്‍ ജീവനായി നെട്ടോട്ടമോടുമ്പോഴും ലോക്‌സഭാംഗമായ പ്രിയങ്കാ ഗാന്ധിയുടെ പൊടിപോലുമില്ലാ കണ്ടുപിടിക്കാന്‍. രാധ എന്ന 45കാരിയെ കടുവ കൊന്നിട്ട് 72 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു അനുശോചനസന്ദേശം ഇറക്കിയതല്ലാതെ എംപി അവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ എതിരാളികള്‍ ഉന്നയിച്ച പ്രധാന ആക്ഷേപവും ഇത് തന്നെയായിരുന്നു. മാവേലി വരുന്നതു പോലെ വര്‍ഷത്തിലൊരിക്കല്‍ വന്ന് കൈവീശി പോവുന്ന ഏര്‍പ്പാട് പാടില്ല എന്നായിരുന്നു ആ എതിര്‍പ്പിന്റെ സന്ദേശം.
തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ആകെ ഒരു തവണയാണ് പ്രിയങ്ക മണ്ഡലസന്ദര്‍ശനം നടത്തിയത്. ഉരുള്‍പൊട്ടലുണ്ടായ പുഞ്ചിരിമട്ടം, ചൂരല്‍മല എന്നിവിടങ്ങളിലെ പുനരധിവാസ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. ഇതിലൊന്നും സ്ഥലം എംപിയായ പ്രിയങ്കയുടെ ഇടപെടലൊന്നും ഉണ്ടായതായി കാണുന്നില്ല. വയനാട്ടില്‍ വീടെടുത്ത് താമസിച്ച്, ജനങ്ങളുമായി മലയാളത്തില്‍ സംസാരിക്കും എന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാര്‍ക്ക് നല്‍കിയ ഉറപ്പ്. താനും സഹോദരിയും അടക്കം വയനാടിന് ഇനി രണ്ട് എംപിമാര്‍ ഉണ്ടെന്ന് കരുതാം, എന്നായിരുന്നു രാഹുല്‍ ഗാന്ധി വക ഡയലോഗ്.
രണ്ട് പേരെയും ഈ പ്രദേശങ്ങളിലെങ്ങും കാണാനില്ല എന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ പോലും അടക്കം പറയുന്നത്. അതിലുമധികം കടുവ നാട്ടില്‍ എത്തുന്നുണ്ടെന്ന് ഈ ദിവസങ്ങളില്‍ നാട്ടുകാരും പറയുന്നു. ഡല്‍ഹി നിയമ സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലായതുകൊണ്ടാണ് പ്രീയങ്കയുടെ വയനാട് സന്ദര്‍ശനം നീളുന്നതെന്നാണ് പ്രാദേശിക കോണ്‍ഗ്രസുകാരുടെ ന്യായീകരണം. ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തശേഷം കഴിവര്‍ഷം നവംബര്‍ 30നും ഡിസംബര്‍ ഒന്നിനുമാണ് വയനാട്ടില്‍ സന്ദര്‍ശനം നടത്തിയത്. രണ്ട് ദിവസങ്ങളിലായി വോട്ടര്‍മാരെ നന്ദി അറിയിക്കുന്ന യാത്രകളിലാണ് പങ്കെടുത്തത്.