പാലക്കാട്: നെന്മാറ ഇരട്ട കൊലപാതകത്തില്‍ വീഴ്ച സംഭവിച്ചെന്ന എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ ഉത്തരമേഖലാ ഐജി സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിക്കാത്തത് വലിയ പിഴവെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജാമ്യവ്യവസ്ഥ പ്രകാരം പ്രതിക്ക് നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നില്ലെന്നും ഇത് ലംഘിച്ചാണ് പ്രതി ഒരു മാസത്തോളം ഇവിടെ താമസിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രയും കാലം താമസിച്ചിട്ടും പൊലീസ് അക്കാര്യം അറിഞ്ഞില്ല. ചെന്താമരയുടെ ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നാണ് എസ്എച്ച്ഒ വിശദീകരണം നല്‍കിയത്. ഇത് തള്ളിയ എസ്പി ജാമ്യ ഉത്തരവ് പ്രകാരം നെന്മാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലും പ്രതിക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ വിശദീകരണം മുഖവിലക്കെടുക്കില്ലെന്നും വ്യക്തമാക്കി. ഉത്തരമേഖലാ ഐജിക്ക് എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്എച്ച്ഒയെ സസ്‌പെന്റ് ചെയ്തത്. കൊല്ലപ്പെട്ട സുധാകരനും മകളും പ്രതിക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതും ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.