ഉത്തർപ്രദേശ്: നോയിഡ സ്വദേശിയായ 14-കാരൻ ഛിന്നഗ്രഹത്തെ കണ്ടെത്തി. ശിവ് നാടാർ സ്കൂളിൽ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദക്ഷ മാലിക്കാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. ഛിന്നഗ്രഹത്തിന് പേര് നൽകാൻ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ നിർദ്ദേശിച്ചു.
ഇൻ്റർനാഷണൽ അസ്ട്രോണമിക്കൽ സെർച്ച് കൊളാബറേഷനുമായി (IASC) സഹകരിച്ച് നാസ നടത്തുന്ന ഇൻ്റർനാഷണൽ ആസ്റ്ററോയിഡ് ഡിസ്കവറി പ്രോജക്റ്റിന്റെ (ഐഎഡിപി) ഭാഗമായിട്ടാണ് ദക്ഷാ മാലിക്കിന്റെ കണ്ടുപിടിത്തം. ദക്ഷയും മറ്റൊരു കുട്ടിയും ചേർന്നാണ് ഛിന്നഗ്രഹത്തെ കണ്ടുപിടിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രൊജക്ടിന് കീഴിൽ ഒരു വർഷത്തോളമായി 14-കാരൻ നിരീക്ഷണം തുടരുകയായിരുന്നു. ആസ്ട്രോണിമിക്ക എന്ന സോഫ്റ്റ്വെയർ വഴിയാണ് നിരീക്ഷണവും വിവരശേഖരണവും.
അങ്ങനെ മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ ദക്ഷ ഛിന്നഗ്രഹം പോലുള്ള വസ്തുവിനെ തിരിച്ചറിയുകയായിരുന്നു. ഇത് നാസ ശാസ്ത്രജ്ഞരെ അറിയിക്കുകയും ചെയ്തു. പിന്നീട് ഛിന്നഗ്രഹമാണെന്ന് തെളിയുകയായിരുന്നു. താത്കാലികമായി ‘2023 OG40’ എന്ന പേരാണ് ഈ ഛിന്നഗ്രഹത്തിന് നൽകിയിരിക്കുന്നത്. സ്ഥിരീകരണ പ്രക്രിയകൾ പുരോഗമിക്കുകയാണ്. അതിന് ശേഷം പേരിടാനുള്ള അനുമതി ലഭിക്കും.
ലോകമെമ്പാടുമുള്ള 6,000- ത്തിലേറെ കുട്ടികളാണ് പ്രതിവർഷം നാസയുടെ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നത്. പുതിയ ഛിന്നഗ്രഹങ്ങളെ കണ്ടെത്തുന്നതിനുള്ള ഡാറ്റ വിശകലനം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുകയാണ് പദ്ധതി.