വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയില്‍ അടയ്ക്കാനുള്ള തീരുമാനവുമായി ട്രംപ്. ഇതിനായി ഗ്വാണ്ടനാമോ തടവറ വിപുലീകരിക്കുന്നതിനും ട്രംപ് ഉത്തരവിട്ടു. രേഖകളില്ലാത്ത അനധികൃത കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും ഗ്വാണ്ടനാമോയില്‍ അടയ്ക്കാനാണ് പുതിയ തീരുമാനം. മുപ്പതിനായിരം പേരെ താമസിപ്പിക്കാന്‍ കഴിയുന്ന വിധം തടവറ വിപുലീകരിക്കാനാണ് ഉത്തരവ്. മുന്‍പ് ഭീകരരെ താമസിപ്പിച്ചിരുന്ന ക്യൂബയോട് ചേര്‍ന്ന കുപ്രസിദ്ധ തടവറയാണ് ഗ്വാണ്ടനാമോ. ഡൊണാള്‍ഡ് ട്രംപിന്റേത് അതിക്രൂരമായ തീരുമാണെന്ന് ക്യൂബ പ്രതികരിച്ചു.
കുറ്റവാളികളാകുന്ന അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ബേ സൈനിക ജയിലിലേക്ക് അയയ്ക്കാനുള്ള പദ്ധതിയുള്ളതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച്ച വ്യക്തമാക്കി. 9/11 ആക്രമണത്തിന് ശേഷം തീവ്രവാദി ബന്ധം സംശയിച്ച് പിടികൂടിയ ആളുകളെ ക്രൂരമായി ഇരയാക്കിയിരുന്ന ജയിലാണ് ഗ്വാണ്ടനാമോ.
മോഷണം, അക്രമങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പിടിയിലാകുന്ന അനധികൃത കുടിയേറ്റക്കാരെ വിചാരണയ്ക്ക് മുന്‍പ് തടങ്കലില്‍ വയ്ക്കാന്‍ അനുവദിക്കുന്ന ബില്ലില്‍ ഒപ്പുവെച്ചുകൊണ്ടാണ് ട്രം പ്രഖ്യാപനം നടത്തിയത്.
തെക്ക് കിഴക്കന്‍ ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ യുഎസ് നേവല്‍ ബേസ് ഔട്ട് പോസ്റ്റില്‍ കടലില്‍ നിന്ന് പിടികൂടുന്ന കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളുണ്ട്. ഇത് കൂടാതെ രേഖകളില്ലാത്ത അനധികൃത കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും ഗ്വാണ്ടനാമോയില്‍ അടയ്ക്കാനാണ് തീരുമാനം.
”ഗ്വാണ്ടനാമോയില്‍ മുപ്പതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കുടിയേറ്റ കേന്ദ്രം സജ്ജമാക്കുന്നതിന് പെന്റഗണിനും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിനും നിര്‍ദേശം നല്‍കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെക്കാന്‍ പോകുന്നു….” എന്നാണ് ട്രംപ് പറഞ്ഞത്.
”അമേരിക്കന്‍ ജനതയെ ഭീഷണിപ്പെടുത്തുന്ന, കുറ്റവാളികളായ നിയമവിരുദ്ധ കുടിയേറ്റക്കാരെ തടവിലാക്കുന്നതിന് ഗ്വാണ്ടനാമോയില്‍ മുപ്പതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തടങ്കലുണ്ട്…” ട്രംപ് കൂട്ടിച്ചേര്‍ത്തു. താന്‍ രണ്ടാമതും അധികാരത്തില്‍ വരികയാണെങ്കില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നീക്കം ശക്തമാക്കുമെന്ന് ട്രംപ് മുന്‍പേ വ്യക്തമാക്കിയിരുന്നു.
അനധികൃത കുടിയേറ്റം തടയുന്നതിനായി ട്രംപ് തെക്കന്‍ അതിര്‍ത്തിയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൂടാതെ ‘സിബിപി വണ്‍’ എന്ന ബോര്‍ഡര്‍ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനവും അവസാനിപ്പിച്ചു. യുഎസിലേക്കുള്ള കുടിയേറ്റം നിയമപരമാക്കുന്നതിനുള്ള ആപ്ലിക്കേഷനായിരുന്നു ‘സിബിപി വണ്‍’.
ഒരു ദശലക്ഷത്തോളം ആളുകള്‍ ഉപയോഗിച്ചിരുന്ന ആപ്പാണിത്. തെക്ക് പടിഞ്ഞാറന്‍ അതൃത്തിയില്‍ നിന്നുള്ള പ്രവേശനം ഈ ആപ്പിലൂടെയായിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നത്. ട്രംപ് അധികാരത്തിലേറി മണിക്കൂറുകള്‍ക്കം തന്നെ ആപ്പ് ഇനി ലഭ്യമാകില്ല എന്ന സന്ദേശമായിരുന്നു ലഭിച്ചിരുന്നത്. നിലവിലെ അപ്പോയിന്‍മെന്റുകള്‍ റദ്ദ് ചെയ്തതായും ആപ്പിന്റെ അറിയിപ്പുകളില്‍ നിന്ന് വ്യക്തമാകുന്നു.