വാഷിങ്ടൻ: അമേരിക്കൻ എയർലൈൻസ് യാത്രാവിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ 2 ഇന്ത്യൻ വംശജരും. വിമാനത്തിലെ യാത്രക്കാരായിരുന്ന ജിഇ എയ്റോസ്പേസ് എൻജിനീയർ വികേശ് പട്ടേൽ, വാഷിങ്ടൻ ഡിസിയിൽ കൺസൽറ്റന്റായ അസ്ര ഹുസൈൻ റാസ എന്നിവരാണവർ. ബുധനാഴ്ച വാഷിങ്ടനിലെ റൊണാൾഡ് റെയ്ഗൻ നാഷനൽ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ യാത്രാവിമാനം ആകാശത്ത് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് കത്തി പൊട്ടോമാക് നദിയിൽ പതിക്കുകയായിരുന്നു. വിമാനത്തിലെ 60 യാത്രക്കാരും 4 ജീവനക്കാരും ഹെലികോപ്റ്ററിലെ 3 സൈനികരും മരിച്ചു.
ഗ്രേറ്റർ സിൻസിനാറ്റിയിൽ നിന്നുള്ള പട്ടേൽ ഒരു പതിറ്റാണ്ടിലേറെയായി ജിഇ എയ്റോസ്പേസിൽ ഉദ്യോഗസ്ഥനാണ്. ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട് വിചിതയിലെ ആശുപത്രിയിൽ പോയി മടങ്ങുമ്പോഴാണ് അസ്ര (26) അപകടത്തിൽ പെട്ടത്. അപകടം ഉണ്ടാകുന്നതിന് 20 മിനിറ്റ് മുൻപ് വിമാനം ലാൻഡ് ചെയ്യാൻ പോവുകയാണെന്ന് അസ്ര ഭർത്താവ് ഹുസൈൻ റാസയ്ക്ക് സന്ദേശം അയച്ചിരുന്നു. വീട്ടിലേക്കു കൊണ്ടുപോകാൻ കാറുമായി വിമാനത്താവളത്തിനു വെളിയിൽ കാത്തുനിന്ന ഹുസൈന് ഭാര്യയുടെ മരണവാർത്തയാണ് ലഭിച്ചത്. മരിച്ചവരിൽ രണ്ട് ചൈനക്കാരും ഫിലിപ്പീൻസിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനുമുണ്ട്.
ഇതേസമയം, അപകടത്തിൽപെട്ട് പൊട്ടോമാക് നദിയിൽ മുങ്ങിയ വിമാനവും ഹെലികോപ്റ്ററും പൊക്കിയെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷകർ. പകുതിയിലേറെ മൃതദേഹങ്ങൾ നദിയിൽ നിന്നു കണ്ടെടുത്തു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വീണ്ടെടുത്തിട്ടുണ്ട്.