വാഷിങ്ടൺ: ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. അർദ്ധ സ്വയംഭരണാധികാരമുള്ള ദ്വീപിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലെ വിവരങ്ങൾ ട്രംപിന്റെ നീക്കത്തിനോട് ജനങ്ങൾക്കുള്ള എതിർപ്പ് തെളിയിക്കുന്നതാണെന്നും യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ഭാഗമാകാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കുന്നതാണെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡാനിഷ് ദിനപത്രമായ ബെർലിങ്സ്‌കെയും ഗ്രീൻലാൻഡിലെ ദിനപത്രമായ സെർമിറ്റ്‌സിയാഖും ചേർന്നാണ് സർവേ നടത്തിയത്. 85% ഗ്രീൻലാൻഡുകാരും യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് അഭിപ്രായ വോട്ടെടുപ്പിൽ പറയുന്നു. 6% ഗ്രീൻലാൻഡുകാർ മാത്രമാണ് തങ്ങളുടെ ദ്വീപ് യുഎസിൻ്റെ ഭാഗമാകുന്നതിനെ അനുകൂലിക്കുന്നത്. 9% പേർ തീരുമാനമെടുത്തിട്ടില്ലെന്നും സർവേ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താൽപ്പര്യത്തെ പകുതിയോളം ജനങ്ങളും ഒരു ഭീഷണിയായിട്ടാണ് കാണുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 8% പേർ മാത്രമാണ് തങ്ങളുടെ ഡാനിഷ് പൗരത്വം അമേരിക്കയിലേക്ക് മാറ്റാൻ തയ്യാറാണെന്ന് പറഞ്ഞത്. 55% പേർ ഡാനിഷ് പൗരന്മാരായി തുടരാനാണ് ആഗ്രഹിക്കുന്നത്. 37% പേർ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.