Tuesday, February 4, 2025

HomeCanadaSOWP കാനഡയിലെ ഓപ്പണ്‍ വര്‍ക് പെര്‍മിറ്റില്‍ മാറ്റം; സ്പൗസല്‍ ഓപ്പണ്‍ വര്‍ക് പെര്‍മിറ്റിന് അര്‍ഹതയുള്ളത് ആര്‍ക്കൊക്കെ?

SOWP കാനഡയിലെ ഓപ്പണ്‍ വര്‍ക് പെര്‍മിറ്റില്‍ മാറ്റം; സ്പൗസല്‍ ഓപ്പണ്‍ വര്‍ക് പെര്‍മിറ്റിന് അര്‍ഹതയുള്ളത് ആര്‍ക്കൊക്കെ?

spot_img
spot_img

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെയും വിദേശതൊഴിലാളികളുടെയും പങ്കാളികള്‍ക്കുള്ള ഓപ്പണ്‍ വര്‍ക് പെര്‍മിറ്റില്‍ കാനഡ (Canada) മാറ്റം വരുത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരി 21 മുതലാണ് ഈ മാറ്റങ്ങള്‍ പ്രാബല്യത്തിലായത്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്ക് കാനഡയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ അവസരം നല്‍കുന്ന പെര്‍മിറ്റായിരിക്കുമിതെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മതിയായ യോഗ്യതയുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ജീവിതപങ്കാളികള്‍ക്ക് മാത്രമേ ഓപ്പണ്‍ വര്‍ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) വകുപ്പ് നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്ക് ഓപ്പണ്‍ വര്‍ക് പെര്‍മിറ്റ് വിസയ്ക്ക് അപേക്ഷിക്കാം. 16 മാസത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള മാസ്റ്റേഴ്‌സ് ബിരുദം, അല്ലെങ്കില്‍ പിഎച്ച്ഡി, ഡോക്ടര്‍ ഓഫ് ഡെന്റല്‍ സര്‍ജറി, എല്‍എല്‍ബി, ഡോക്ടര്‍ ഓഫ് വെറ്റിനറി മെഡിസിന്‍, ബാച്ചിലര്‍ ഓഫ് നഴ്‌സിംഗ് തുടങ്ങി തെരഞ്ഞെടുത്ത പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ജീവിതപങ്കാളികള്‍ക്ക് ഓപ്പണ്‍ വര്‍ക് പെര്‍മിറ്റ് ലഭിക്കും.

പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

പുതുക്കിയ നിര്‍ദേശം അനുസരിച്ച് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സ്റ്റഡി പെര്‍മിറ്റ് അപേക്ഷയ്‌ക്കൊപ്പം തന്നെ പങ്കാളിയ്ക്കായുള്ള ഓപ്പണ്‍ വര്‍ക് പെര്‍മിറ്റ് അപേക്ഷയും നല്‍കാന്‍ കഴിയും. നിശ്ചിത യോഗ്യത നേടിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സ്വന്തം വിസ അപേക്ഷയ്‌ക്കൊപ്പം പങ്കാളിയുടെ വിസയ്ക്കും അപേക്ഷിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ അറിയിച്ചു. ഇതിലൂടെ രണ്ടുപേരുടെയും വിസയ്ക്ക് ഒരേസമയം അനുമതി ലഭിക്കുന്നു. പങ്കാളിയ്ക്ക് സന്ദര്‍ശക വിസ പോലുള്ള വിഭാഗങ്ങള്‍ക്ക് കീഴില്‍ അപേക്ഷ നല്‍കുന്നത് വിസ ലഭ്യമാകുന്നതില്‍ കാലതാമസമുണ്ടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പെര്‍മിറ്റ് വിപൂലീകരണ വ്യവസ്ഥകള്‍

സ്റ്റഡി പെര്‍മിറ്റോടുകൂടിയെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും ഓപ്പണ്‍ വര്‍ക് പെര്‍മിറ്റോടു കൂടിയെത്തുന്ന അവരുടെ ജീവിതപങ്കാളിയ്ക്കും മറ്റ് പ്രശ്‌നങ്ങളൊന്നും നേരിടേണ്ടിവരില്ല. സ്റ്റഡി പെര്‍മിറ്റിന്റെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ വര്‍ക് പെര്‍മിറ്റിന്റെ കാലാവധി അവസാനിക്കുകയാണെങ്കില്‍ പെര്‍മിറ്റ് നീട്ടുന്നതിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ അവസാന സെമസ്റ്ററിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്ക് ഓപ്പണ്‍ വര്‍ക് പെര്‍മിറ്റ് എക്സ്റ്റന്‍ഷന് വേണ്ടി അപേക്ഷിക്കാന്‍ കഴിയില്ലെന്നും പുതുക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

SOWP-ല്‍ നിന്നും പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക് പെര്‍മിറ്റിലേക്കുള്ള മാറ്റം

കാനഡയില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത പ്രോഗ്രാമിന്റെ ദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷം വരെ കാനഡയില്‍ ജോലി ചെയ്യാനും ഈ പെര്‍മിറ്റിലൂടെ അവസരം ലഭിക്കുന്നു. എന്നാല്‍ സ്റ്റഡി പെര്‍മിറ്റില്‍ നിന്നും പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക് പെര്‍മിറ്റിലേക്ക് മാറുന്നതിന് വിദേശ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന അപേക്ഷ പുതിയ അപേക്ഷയായി കണ്ട് അധികൃതര്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും. ഈ സാഹചര്യത്തില്‍ നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ അനുസരിച്ച് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പങ്കാളിയ്ക്കും ഓപ്പണ്‍ വര്‍ക് പെര്‍മിറ്റിന് അര്‍ഹതയുണ്ടായിരിക്കും.

തൊഴിലാളി ക്ഷാമം നേരിടുന്നതോ സര്‍ക്കാര്‍ മുന്‍ഗണന നിലനില്‍ക്കുന്നതോ ആയ മേഖലകളിലെ TEER 1 (സര്‍വകലാശാല ബിരുദം ആവശ്യമുള്ള തൊഴിലുകള്‍) തൊഴിലുകളിലോ തിരഞ്ഞെടുത്ത TEER 2 അല്ലെങ്കില്‍ TEER 3 വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ പങ്കാളികള്‍ക്ക് മാത്രമായും ഓപ്പണ്‍ വര്‍ക് പെര്‍മിറ്റ് നിജപ്പെടുത്തി. നാച്ചുറല്‍ ആന്‍ഡ് അപ്ലൈഡ് സയന്‍സസ്, നിര്‍മാണ മേഖല, ആരോഗ്യ മേഖല, പ്രകൃതിവിഭവങ്ങള്‍, വിദ്യാഭ്യാസം, കായികമേഖല, സൈനിക വിഭാഗങ്ങള്‍ എന്നിവ ഈ മേഖലകളില്‍ ഉള്‍പ്പെടുന്നുവെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ്, സിറ്റിസണ്‍ഷിപ്പ് കാനഡ(ഐആര്‍സിസി) വ്യക്തമാക്കിയിട്ടുണ്ട്.

SOWP- ബദല്‍മാര്‍ഗങ്ങള്‍

മേല്‍പ്പറഞ്ഞ യോഗ്യതകള്‍ പാലിക്കാത്ത അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്ക് മറ്റ് ചില അവസരങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. പങ്കാളിയ്ക്ക് പ്രത്യേകം സ്റ്റഡി പെര്‍മിറ്റിനോ സന്ദര്‍ശക വിസയ്‌ക്കോ അപേക്ഷ നല്‍കാവുന്നതാണ്. കൂടാതെ കാനഡയിലെ ജീവിതച്ചെലവ് കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ തങ്ങളുടെ സാമ്പത്തികസ്ഥിതിയുടെ വിവരങ്ങളും ഹാജരാക്കേണ്ടിവരും. സന്ദര്‍ശക വിസയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്ക് നിശ്ചിത കാലയളവിലേക്ക് മാത്രമെ കാനഡയില്‍ താമസിക്കാന്‍ സാധിക്കുകയുള്ളു. വിസ കാലാവധി കഴിഞ്ഞാല്‍ അവര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments