എ.എസ് ശ്രീകുമാര്‍
നമ്മുടെ സുരേഷ് ഗോപി ഒരുപാട് മാറി. ഒരു സിനിമാ നടന് മാത്രമായി തോക്കെടുത്ത് ഷിറ്റ് കളിച്ചുകൊണ്ടിരുന്ന പണ്ടത്തെ സുരേഷ് ഗോപിയല്ല ഇന്നത്തെ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി. നടനില്‍ നിന്ന് ഒരു ബി.ജെ.പിക്കാരനായപ്പോഴും പിന്നെ രാജ്യസഭാംഗമായപ്പോഴും വലിയ മാറ്റങ്ങള്‍ സുരേഷ് ഗോപിയിലുണ്ടായി. ഇപ്പോള്‍ കേന്ദ്ര പെട്രോളിയം സഹമന്ത്രിയായി വിലസുമ്പോഴും അദ്ദേഹത്തില്‍ മാറ്റങ്ങള്‍ സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. പരിണാമം പൂര്‍ത്തിയായിട്ടില്ലെന്ന് ചിലര്‍ പറയുമ്പോള്‍ ”സുരേഷ് ഗോപിയുടെ കിളി പോയി…” എന്നാണ് വേറെ ചില വിരുതന്മാരുടെ കമന്റ്.
ചുമ്മാതങ്ങ് പറയുന്നതല്ല. പുള്ളിക്കാരന്റെ ബോഡി ലാംഗ്വേജും വര്‍ത്തമാനവും ഇപ്പോള്‍ വലിയ വാര്‍ത്തകളാവുന്നു, പ്രതിഷേധം വിളിച്ചുവരുത്തുന്നു…സ്വന്തം പാര്‍ട്ടിയില്‍നിന്ന് പോലും. കുറച്ചു മാസങ്ങളായി വലിയ കുഴപ്പങ്ങളൊന്നും ടിയാന് ഉണ്ടാക്കിയിരുന്നില്ല. ഇപ്പൊ പുലിവാല് പിടിച്ചിട്ടുണ്ട്. ഗോത്രവകുപ്പ് ബ്രാഹ്മണര്‍ ഭരിക്കട്ടയെന്നും ഉന്നത കുലജാതര്‍ ആദിവാസി വകുപ്പിന്റെ ചുമതലയില്‍ വന്നാല്‍ ആദിവാസി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നുമാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം. ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ, നായിഡുവോ നോക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹി മയൂര്‍ വിഹാറിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രാചരണത്തിനിടെയാണ് വിവാദ പരാമര്‍ശം.
സംഭവം വിവാദമായതോടെ ”ഞാന്‍ നടത്തിയ പരാമര്‍ശത്തെ വളച്ചൊടിച്ചു. മുഴുവന്‍ ഭാഗം കൊടുത്തതും ഇല്ല. അട്ടപ്പാടിയില്‍ പോയി ചോദിച്ചാല്‍ അറിയാം ഞാന്‍ ആരെന്ന്. എന്റെ പാര്‍ട്ടിയാണ് ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരാളെ രാഷ്ട്രപതിയാക്കിയത്. എന്റെ പരാമര്‍ശം എടുത്തിട്ടടിക്കുന്നു. പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എങ്കില്‍, വിശദീകരണവും ഇഷ്ടപ്പെട്ടില്ല എങ്കില്‍ പ്രസ്താവന പിന്‍വലിക്കുന്നു. എല്ലാവരുടെയും നല്ലതിന് വേണ്ടി മാത്രമാണ് പറഞ്ഞത്…” എന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
ചാതുര്‍വര്‍ണ്യത്തിന്റെ കുഴലൂത്തുകാരനായ സുരേഷ് ഗോപിയെയും ഫെഡറല്‍ തത്വങ്ങളെ വിസ്മരിച്ച് കേരളത്തെ അവഹേളിക്കുന്ന ജോര്‍ജ് കുര്യനെയും കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് പറഞ്ഞു.
”സുരേഷ്ഗോപിയുടേത് തരം താണ സമീപനമാണ്. ഉന്നത മനോഭാവമുള്ളവരാണ് ഇത്രയും നാള് ആദിവാസി വകുപ്പ് ഭരിച്ചത്. ഇത്രകാലം ഈ വകുപ്പുകള്‍ ഇവര്‍ കൈകാര്യം ചെയ്തിട്ടും ആദിവാസികളുടെ അവസ്ഥ എന്താണ്..? വംശ ഹത്യയെ നേരിടുന്ന സ്ഥിതിയാണുള്ളത്. ആദിവാസികളെ പൂര്‍ണമായും ഇല്ലായ്മ ചെയ്യലാണോ ലക്ഷ്യം. ഒരു തരത്തിലും കേന്ദ്രമന്ത്രിയുടെ ഈ പ്രതികരണം അംഗീകരിക്കാന്‍ കഴിയില്ല…” എന്ന് ആദിവാസി ഗോത്ര മഹാസഭ നേതാവും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായ സി.കെ ജാനു പറഞ്ഞു.
2024 ഒക്ടോബര്‍ 25-ാം തീയതി ചങ്ങനാശ്ശേരിയില്‍ നടന്ന പൊതുപരിപാടിക്കിടെ നിവേദനം നല്കാന് എത്തിയവരെ ”ഞാന്‍ നിങ്ങളുടെ എം.പി അല്ല…” എന്ന് പറഞ്ഞുകൊണ്ട് സുരേഷ് ഗോപി അധിക്ഷേപിച്ചത് വലിയ വാര്‍ത്തയായിരുന്നു. കേന്ദ്ര മന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഇന്ദിരാഗാന്ധിയെ പുകഴ്ത്തിയ സുരേഷ് ഗോപിയുടെ പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ നിന്ന് വലിയ വിമര്‍ശനം നേരിടാന്‍ ഇടയാക്കിയിരുന്നു. ഇന്ദിരാ ഗാന്ധിയെ ഭാരതമാതാവ് എന്ന് വിഷിച്ചതാണ് സ്വന്തം പാര്‍ട്ടിക്കാരെ ചൊടിപ്പിച്ചത്. എന്നാല്‍ കോണ്‍ഗ്രസുകാരുടെ മാതാവ് എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും വിശദീകരണം നല്കി അദ്ദേഹം ഒരു വിധത്തില്‍ തടിയൂരി.
ജനപ്രതിനിധിയും കേന്ദ്രന്ത്രിയുമൊക്കെയാണെങ്കിലും പണത്തിന് മീതെ സുരേഷ് ഗോപിയും പറക്കില്ല. സിനിമാ നടന് എന്ന ലേബലിലായിരിക്കും താന്‍ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുക എന്നും അതിനുള്ള പണം വാങ്ങിയേ പോകൂവെന്നും എന്നാണ് തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞത്. ഇങ്ങനെ ലഭിക്കുന്ന പണം സമൂഹനന്മക്കായി ഉപയോഗിക്കുമത്രേ. അത് നല്ല കാര്യം. ആള് ചൂടനാണെങ്കിലും ശുദ്ധനാണ്. ദുഷ്ടന്റെ ഫലം ചെയ്യില്ല.
സ്പെയിനിന്റെ ദേശീയ വിനോദമാണ് ‘ബുള്‍ ഫൈറ്റിങ്’ അഥവാ കാളപ്പോര്. ചുവപ്പ് നിറത്തിലുള്ള തുണി കാട്ടിയാണ് കാളകളെ പ്രകോപിതരാക്കുന്നതെങ്കില് മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴാണ് സുരേഷ് ഗോപിക്ക് കലിയിളകുന്നത്. കുറച്ചുനാള്‍ മുമ്പ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചപ്പോള്‍ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റി പോയ കാഴ്ച ചാനലുകളും പത്രങ്ങളും ആഘോഷിക്കുകയുണ്ടായി.
തൃശൂര്‍ രാമനിലയത്തില്‍ വെച്ചായിരുന്നു സംഭവം. ”എന്റെ വഴി എന്റെ അവകാശം…” എന്ന് പറഞ്ഞുകൊണ്ടാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റി പോയത്. പിന്നീട് ട്രോളുകള്‍ കൊണ്ടായുരുന്നു സോഷ്യല്‍ മീഡിയ അദ്ദേഹത്തെ അഭിഷേകം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമുയരുകയും ചെയ്തു.
രണ്ട് മാസം മുമ്പ് മലയാള സിനിമാ മേഖലയില്‍ ഉയരുന്ന മീ ടൂ ആരോപണങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെയായിരുന്നു. ”ഉയരുന്ന ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്കുള്ള തീറ്റയാണ്. നിങ്ങള്‍ക്ക് അതില്‍ നിന്ന് പണം സമ്പാദിക്കാം. നിങ്ങള്‍ ഒരു വലിയ സ്ഥാപനത്തെ താഴെയിറക്കുന്നു. ആടിനെ വഴക്കുണ്ടാക്കി രക്തം കുടിക്കുന്നവരെപ്പോലെയാണ് നിങ്ങള്‍. മാധ്യമങ്ങള്‍ പൊതുജനങ്ങളുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്നു…”
ഒരു മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചതില്‍ കേസിലും പെട്ടു സുരേഷ് ഗോപി. 2023 ഒക്ടോബര്‍ 27-ന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവെക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും തോളില്‍ കൈവെക്കുന്നത് ആവര്‍ത്തിച്ചപ്പോള്‍ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവര്‍ത്തക എടുത്ത് മാറ്റുകയും ചെയ്തിരുന്നു.
സംഗതി കേസാവുകയും സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ബോധപൂര്‍വമായ ലൈംഗികാതിക്രമം-ഐ.പിസി 354 വകുപ്പ് ചുമത്തിയാണ് നടക്കാവ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസ് ആക്ടിലെ 119-എ വകുപ്പും ചുമത്തിയിട്ടുണ്ട്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബോധപൂര്‍വ്വം മാധ്യമപ്രവര്‍ത്തകയ്ക്ക് മാനഹാനി ഉണ്ടാക്കുന്നതരത്തില്‍ പ്രവര്‍ത്തിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
”ചോദ്യം ചോദിച്ചപ്പോള്‍ സുരേഷ് ഗോപി തോളില്‍ തഴുകി. പെട്ടെന്ന് ഷോക്ക് ആയി. പിന്നോട്ട് വലിഞ്ഞു. വീണ്ടും സുരേഷ് ഗോപി തോളില്‍ കൈവെച്ചു. ഇത് മാനസികമായി ഏറെ ആഘാതം ഉണ്ടാക്കിയെന്നും അവര്‍ പറഞ്ഞു. അതുകൊണ്ടാണ് പരാതി നല്‍കുന്നത്. എനിക്ക് മോശമായി തോന്നിയതുകൊണ്ട് മാപ്പ് പറയേണ്ട. ചെയ്തത് മോശമാണെന്ന് തിരിച്ചറിയണം. അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് തെറ്റ് തന്നെയാണ്. സുരേഷ് ഗോപി പറഞ്ഞത് വിശദീകരണം ആയിട്ടേ തോന്നിയുള്ളു. മാപ്പായിട്ട് തോന്നിയില്ല. നിയമനടപടിയുമായി മുന്നോട്ട് പോകും…” എന്നാണ് മാധ്യമപ്രവര്‍ത്തക അന്ന് പറഞ്ഞത്.