ടെൽ അവീവ്: ‘ഹമാസിനുമേൽ നേടിയ വിജയം’ ആഘോഷിക്കാൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വൈറ്റ് ഹൗസ് സന്ദർശിക്കാനിരിക്കെ, വെസ്‌റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ആക്രമണം കൂടുതൽ രൂക്ഷമാക്കി ഇസ്രയേൽ. ജെനിൻ ഉൾപ്പെടെ വെസ്‌റ്റ് ബാങ്കിന്റെ പല മേഖലയിലും ഞായറാഴ്ചയും സ്‌ഫോടനങ്ങളുണ്ടായി. ചൊവ്വാഴ്ചയാണ് വൈറ്റ് ഹൗസിൽ നെതന്യാഹുവും അമേരിക്ക പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച. ഗാസയിലെ രണ്ടാംഘട്ട വെിടിനിർത്തൽ ചർച്ചകൾ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ, ഖത്തറിലേക്ക് സംഘത്തെ അയക്കേണ്ടതില്ലെന്ന് നെതന്യാഹു തീരുമാനിച്ചതായും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അധികാരമേറ്റശേഷം ട്രംപ് വൈറ്റ് ഹൗസിൽ ആദ്യം സ്വീകരിക്കുന്ന വിദേശനേതാവാണ് നെതന്യാഹു. ആവശ്യമെങ്കിൽ ഗാസയിൽ വീണ്ടും കടന്നാക്രമണം നടത്താൻ ഇസ്രയേലിനെ സഹായിക്കുമെന്നും അദ്ദേഹം രണ്ടാംവട്ടം സത്യപ്രതിജ്ഞ ചെയ്ത ഉടൻ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് കൂടിക്കാഴ്ചയിൽ ഹമാസിനുമേൽ നേടിയ വിജയവും അറബ് രാജ്യങ്ങളുമായി ബന്ധം ശക്തമാക്കുന്ന ഇറാനെ പ്രതിരോധിക്കുന്നതും പ്രധാന ചർച്ചയാകുമെന്ന നെതന്യാഹുവിന്റെ പ്രസ്താവന. രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചയിലെ നിലപാടുകളടക്കം ട്രംപുമായി കൂടിയാലോചിച്ചാകും തീരുമാനിക്കുകയെന്ന് വ്യക്തം.
സൗദി അറേബ്യയും ഇസ്രയേലും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള നീക്കങ്ങളും ട്രംപ് നടത്തുന്നുണ്ട്. മധ്യപൗരസ്ത്യ ദേശത്തെ തന്റെ പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫിനെ അടുത്തിടെ സൗദിയിലേക്ക് അയച്ചിരുന്നു. അതേസമയം, പൂർണ യുദ്ധവിരാമം ഉറപ്പുനൽകാതെ രണ്ടാംഘട്ട വെടിനിർത്തൽ കാലയളവിൽ കൂടുതൽ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസും പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസയിലേക്ക് ഇന്ധനവും കൂടുതൽ സഹായങ്ങളും കടത്തിവിടാമെന്ന ധാരണയിൽനിന്ന് ഇസ്രയേൽ പിന്നോട്ട് പോയതായും ആരോപിച്ചു. ഇതുവരെ 18 ബന്ദികളെയാണ് ഹമാസ് വിട്ടയച്ചത്. പകരം മോചിതരായ പലസ്തീൻ തടവുകാർ ഇസ്രയേൽ ജയിലുകളിൽ കൊടിയ പീഡനങ്ങൾക്ക് ഇരയായതായ റിപ്പോർട്ടുകളും പുറത്തുവന്നു. ഇയാൽ സമീർ സൈനിക മേധാവി ഇസ്രയേലിന്റെ പുതിയ സൈനിക മേധാവിയായി മേജർ ജനറൽ ഇയാൽ സമീറിനെ നിയമിച്ച് ബെന്യാമിൻ നെതന്യാഹു. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണം തടയാനാകാത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിലവിലെ സൈനിക മേധാവി ലഫ്‌റ്റനന്റ് ജനറൽ ഹെർസി ഹലേവി രാജി പ്രഖ്യാപിച്ചിരുന്നു.