നടൻ പ്രകാശ് രാജ് മഹാ കുംഭമേളയിൽ പങ്കെടുക്കുന്ന വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കന്നട സിനിമാ നിർമ്മാതാവായ പ്രശാന്ത് സാംബർഗിക്കെതിരെയാണ് കേസെടുത്തത്. മൈസൂർ ലക്ഷ്മിപുരം പൊലീസിൽ പ്രകാശ് രാജ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
ജനങ്ങളുടെ വിശ്വാസത്തെ രാഷ്ട്രീയാവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനും തന്നെ മോശമായി ചിത്രീകരിക്കാനുള്ള ചിലരുടെ ശ്രമങ്ങൾക്കുമെതിരെയാണ് പരാതി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
നിർമ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ ചിത്രം നിർമ്മിച്ചതിന് പിന്നിൽ പ്രശാന്ത് സാംബർഗിയാണെന്നും മഹാകുംഭമേളയിൽ താൻ പങ്കെടുത്തിട്ടില്ലെന്നും പ്രകാശരാജ് മാധ്യമങ്ങളോട് പറഞ്ഞു. താൻ വിശ്വാസിയല്ലെന്നുെ എന്നാൽ ഒരു വിശ്വാസത്തിനും മതത്തിനും എതിരല്ലെന്നും പ്രകാശ് പറഞ്ഞു.