എ.എസ് ശ്രീകുമാര്‍
പാലക്കാട് എലപ്പുള്ളിയില്‍ സ്വകാര്യ മദ്യക്കമ്പനിക്ക് അനുമതിനല്‍കിയത് സംബന്ധിച്ച് ഇടതുമുന്നണിയിലെ എതിര്‍പ്പ് ശക്തമാവുന്നു. ഇക്കാര്യത്തില്‍ രാഷ്ട്രീയതീരുമാനം ഉണ്ടാകണമെന്ന ആവശ്യം സി.പി.ഐ.യും ആര്‍.ജെ.ഡി.യും ഉന്നയിച്ചിരിക്കുകയാണ്. എന്നാല്‍ ബ്രൂവരിക്ക് അനുമതിനല്‍കിയ തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോകേണ്ടതില്ലെന്നാണ് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും തീരുമാനം.
ആരോപണങ്ങള്‍ക്ക് മന്ത്രി എം.ബി. രാജേഷ് വിശദീകരണം നല്‍കുന്നുണ്ട്. വിശദീകരിച്ചാല്‍ മാറാത്ത ഒരു തെറ്റിദ്ധാരണയും ഘടകകക്ഷികള്‍ക്ക് ഉണ്ടാവില്ലെന്ന ആത്മവിശ്വാസം മന്ത്രി പ്രകടിപ്പിച്ചു. വരുന്ന ഏഴാം തീയതി നിയമസഭാസമ്മേളനം പുനരാരംഭിക്കുന്നതിനുമുന്‍പ് മുന്നണിയിലെ ഭിന്നാഭിപ്രായം ഒതുക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ.യുമായി ചര്‍ച്ചനടത്തി ധാരണയുണ്ടാക്കാനാണ് ആലോചന. ഇതില്‍ മുഖ്യമന്ത്രിയും പങ്കാളിയായേക്കും. പത്തുമുതല്‍ നടക്കുന്ന ബജറ്റ് ചര്‍ച്ചയില്‍ ബ്രൂവറി വിഷയം പ്രതിപക്ഷം ആവര്‍ത്തിച്ചുന്നയിക്കുമെന്ന് ഉറപ്പാണ്.
മദ്യക്കമ്പനിക്ക് അനുമതി നല്‍കിയതിനെ അംഗീകരിക്കാനാകില്ലെന്ന നിലപാട് സി.പി.ഐ. സംസ്ഥാന നിര്‍വാഹകസമിതി യോഗം ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണ്. അതിനാല്‍, ഇതിനുവിരുദ്ധമായ ഒരു രാഷ്ട്രീയനിലപാട് സി.പി.ഐ. മന്ത്രിമാര്‍ക്കും സ്വീകരിക്കാനാകില്ല.മദ്യക്കമ്പനി തുടങ്ങുന്നതുസംബന്ധിച്ച് എല്‍.ഡി.എഫില്‍ ചര്‍ച്ചവേണമെന്ന് ആര്‍.ജെ.ഡി. സംസ്ഥാന നേതൃയോഗം. ഇക്കാര്യമാവശ്യപ്പെട്ട് മുന്നണി കണ്‍വീനര്‍ക്ക് കത്തുനല്‍കാന്‍ തീരുമാനിച്ചു. അതുവരെ തുടര്‍നടപടികളെല്ലാം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെടും.
മധ്യപ്രദേശ് ആസ്ഥാനമായ ‘ഒയാസിസ്’ എന്ന കമ്പനിക്കാണ് പാലക്കാട് കഞ്ചിക്കോട്ട് സ്പിരിറ്റ് നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിക്കൊണ്ട് ഉത്തരവിട്ടത്. മന്ത്രിസഭാ തീരുമാനപ്രകാരമായിരുന്നു ഇത്. എന്നാല്‍ ടെണ്ടര്‍ വിളിക്കാതെ ഒയാസിസിന് അനുവാദം കൊടുത്തതില്‍ വലിയ അഴിമതിയുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് സമരമുഖത്തിറങ്ങി. ബി.ജെ.പിയും കടുത്ത പ്രതിഷേധത്തിലാണ്.
ബ്രൂവറി ആരംഭിക്കുന്നത് കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. അതായത്, ഉപയോഗശൂന്യമായ അരി, ചോളം, പച്ചക്കറി വേസ്റ്റ്, മരച്ചീനി സ്റ്റാര്‍ച്ച് എന്നിവയാണ് കമ്പനി മദ്യനിര്‍മാണത്തിന് അസംസ്‌കൃതവസ്തുക്കളായി ഉപയോഗിക്കുന്നത്. ഇത് കേരളത്തിലെ കാര്‍ഷിക മേഖലയില്‍ ഉത്പാദിപ്പിക്കപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ കഞ്ചിക്കോട്ടെ ബ്രൂവറി കാര്‍ഷക മേഖലയ്ക്ക് ഉത്തേജനം നല്‍കുമത്രേ. പക്ഷേ, കൃഷിക്ക് വെള്ളം കിട്ടാതെ കനാല്‍ വെള്ളത്തെ ആശ്രയിച്ചാണ് ഇവിടെ കൃഷി നടത്തുന്നത്. കമ്പനി സ്ഥാപിച്ചു കഴിഞ്ഞാല്‍ വലിയതോതിലുള്ള ജല ചൂഷണം നടക്കുമെന്ന ആരോപണത്തിനും സര്‍ക്കാറിന്റെ ന്യായീകരണമുണ്ട്.
എലപ്പുള്ളി പഞ്ചായത്ത് ജലദൗര്‍ലഭ്യമുള്ള മഴ നിഴല്‍ പ്രദേശമാണ്. കോളജ് തുടങ്ങാന്‍ വേണ്ടി ഏറ്റെടുത്ത സ്ഥലമാണ് 18 കോടി ലിറ്റര്‍ മദ്യം ഉല്‍പാദിപ്പിക്കുന്ന മദ്യഫാക്ടറിക്ക് സര്‍ക്കാര്‍ നല്‍കുന്നത്. നാല് ഘട്ടമായാണ് പദ്ധതി നടപ്പാക്കുകയെന്നും ഒന്നാം ഘട്ടത്തില്‍ വിദേശ്യമദ്യ ബോട്ടിലിങ് യൂണിറ്റ്, രണ്ടാം ഘട്ടമായി എഥനോള്‍ സ്പിരിറ്റ് നിര്‍മാണം, മൂന്നാം ഘട്ടമായി ബ്രാണ്ടി- വൈനറി പ്ലാന്റ്, നാലാം ഘട്ടമായി ബ്രൂവറി എന്നിങ്ങനെയാണ് പദ്ധതി നടപ്പാക്കുക.
എന്നാല്‍ റീസൈക്കിളിങ് വഴി ജല അതോറിറ്റിയാണ് വെള്ളം നല്‍കുന്നതെന്നും ഇതിന്റെ കരാറായെന്നും ഉത്തരവില്‍ പറയുന്നു. 600 കോടി മുതല്‍ മുടക്കുള്ള പദ്ധതിയുടെ ഭാഗമായി റെയിന്‍ ഹാര്‍വെസ്റ്റിംഗ് പ്രോജക്ടും കമ്പനി സമര്‍പ്പിച്ചിട്ടുണ്ട്. അതിനാല്‍ പദ്ധതിയില്‍ ജലചൂഷണം ഉണ്ടാകില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയത്.
അതേസമയം, ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അടക്കം ഉള്‍പ്പെട്ട ഒയാസിസ് കമ്പനിക്ക് എങ്ങനെയാണ് സര്‍ക്കാരിന് അനുമതി നല്‍കാന്‍ സാധിക്കുകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചിരുന്നു. മുഖ്യമന്ത്രി നേരിട്ട് അറിഞ്ഞാണ് ഈ അഴിമതിയെന്നും ഭരണം അവസാനിക്കും മുന്‍പുള്ള കടുംവെട്ടാണ് ഇതെന്നും സമര പരിപാടികളെ കുറിച്ച് കോണ്‍ഗ്രസ് ആലോചിച്ച് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അടിമുടി ദുരൂഹതയും അഴിമതിയും നിറഞ്ഞ പദ്ധതിയാണിതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു.
എലപ്പുള്ളി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ മണ്ണക്കാട് പ്രദേശത്താണ് ബ്രൂവറി വരുന്നത്. എന്നാല്‍ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ പോലും അറിയിക്കാതെയാണ് ഉണ്ടായതെന്നും സര്‍ക്കാരില്‍ നിന്ന് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു പറഞ്ഞു. 26 ഏക്കര്‍ സ്ഥലത്താണ് ബ്രൂവറി തുടങ്ങുന്നത്. രണ്ടു വര്‍ഷം മുമ്പാണ് കമ്പനി ഈ സ്ഥലം വാങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് പദ്ധതി വരുന്നതിനെ കുറിച്ചുള്ള വിവരം കൃത്യമായി അറിഞ്ഞതെന്നും പഞ്ചായത്തിന്റെ അനുമതിയില്ലാതെ പദ്ധതി തുടങ്ങാനാവില്ലന്നും രേവതി ബാബു പറയുന്നു.
പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍ മദ്യ നിര്‍മാണ കമ്പനിയായ ഒയാസിസ് ആയിരുന്നെന്നും അതിന്റെ നന്ദി കാണിക്കാനാണ് എക്‌സൈസ് മന്ത്രി എം.ബി രാജേഷ് പാലക്കാട്ട് ഡിസ്റ്റിലറി തുടങ്ങാന്‍ ഒയാസിസിന് അനുമതി നല്‍കിയതെന്നും ഇവിടെനിന്ന വിജയിച്ച കോണ്‍ഗ്രസിന്റെ യുവനേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആക്ഷേപിച്ചു. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും പിന്നിലായി മൂന്നാം സ്ഥാനത്തേയ്ക്ക് കൂപ്പുകുത്തിയ സി.പി.എം നിലവില്‍ ജയിച്ച കോണ്‍ഗ്രസിനേക്കാള്‍ കോടിക്കണക്കിന് രൂപയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെലവഴിച്ചത്. ഈ പണത്തിന്റെ സ്രോതസ് ഒയാസിസ് ആണത്രേ.