വാഷിങ്ടൻ: കാനഡക്കെതിരെ യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ചു. ഒരു മാസത്തേക്ക് നടപടി ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഡോണൾഡ് ട്രംപുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ധാരണയായത്. അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.
നേരത്തെ, യുഎസിന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയതോടെ മെക്സിക്കോയ്ക്കു മേൽ പ്രഖ്യാപിച്ച 25 % ഇറക്കുമതിത്തീരുവ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരു മാസത്തേക്കു മരവിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിന് അതിർത്തികളിൽ 10,000 സൈനികരെ നിയോഗിക്കുമെന്ന് ക്ലൗഡിയ ഷെയ്ൻബോ പറഞ്ഞു. മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്കെതിരെ 25 % ഇറക്കുമതിത്തീരുവയും ചൈനയ്ക്കെതിരെ 10 % ഇറക്കുമതിത്തീരുവയും ചുമത്തുമെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചത്.