ഒരു പശുവിന് കോടികള്‍ വില ലഭിക്കുമോ? ഇത് കേട്ട് നെറ്റി ചുളിക്കേണ്ട. സംഗതി സത്യമാണ്. ബ്രസീലില്‍ കഴിഞ്ഞ ദിവസം ഇന്ത്യൻ ഇനത്തിലുള്ള പശുവിനെ വിറ്റത് 40 കോടി രൂപയ്ക്കാണ്(4.8 മില്ല്യണ്‍ ഡോളര്‍). ഇന്ത്യന്‍ ഇനമായ നെല്ലൂര്‍ വിഭാഗത്തില്‍പ്പെട്ട വിയാറ്റിന -19 പശുവാണ് കണ്ണഞ്ചിപ്പിക്കുന്ന വിലയ്ക്ക് വിറ്റുപോയത്. ഈ പശുവിന് ഇത്രയധികം വില ലഭിക്കുന്നതിനുള്ള കാരണമെന്തായിരിക്കുമെന്ന് അറിയണ്ടേ?
ലോകത്തിലെ ഏറ്റവും വിലയേറിയ പശുക്കള്‍
കൂടുതല്‍ പാല്‍ ലഭിക്കുന്നതിനുമപ്പുറം പശുക്കള്‍ക്ക് വില മതിക്കുന്ന ചില ഘടകങ്ങളുമുണ്ട്. ചില പ്രത്യേക ഇനങ്ങള്‍ അസാധാരണമായ സ്വഭാവ സവിശേഷതകള്‍ പ്രകടിപ്പിക്കാറുണ്ട്. ഇവയ്ക്കും വളരെയധികം വില ലഭിക്കുന്നു. ചില ഇനങ്ങളെ ലക്ഷക്കണക്കിന് വിലയ്ക്കാണ് വില്‍ക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ബ്രാഹ്‌മണ ഇനവും ജപ്പാനില്‍ നിന്നുള്ള വാഗ്യു ഇനവും ഇതിന് ഉദാഹരണങ്ങളാണ്. അതികഠിനമായ ചൂട് കാലാവസ്ഥയെ പോലും ഇവയ്ക്ക് പ്രതിരോധിക്കാന്‍ കഴിയും. കൂടാതെ ഈ ഇനങ്ങള്‍ ശുദ്ധമായും കണക്കാക്കപ്പെടുന്നു. അതുകൊണ്ടുകൂടിയാണ് ലോകമെമ്പാടും അവയ്ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നത്.
ലോകത്തിലെ ഏറ്റവും വിലയേറിയ നെല്ലൂര്‍ പശു
ബ്രസീലിലെ മിനാസ് ഗെരൈസില്‍ നിന്നുള്ള നെല്ലൂര്‍ ഇനത്തില്‍പ്പെട്ട വിയറ്റിന-19 എന്ന പശുവാണ് ഇപ്പോള്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. നെല്ലൂര്‍ ഇനത്തില്‍പ്പെട്ട ഏറ്റവും വിലയേറിയ പശുവാണിത്. ഇതിന്റെ ഭാരം ഏകദേശം 1101 കിലോഗ്രാമാണ്. സാധാരണയുള്ള പശുവിന്റെ ഇരട്ടിയോളം ഭാരം വരുമിത്. വിലയ്ക്ക് മാത്രമല്ല, അതിന്റെ ശാരീരികപ്രത്യേകതകള്‍ക്കും പേരുകേട്ടതാണ് വിയാറ്റിന-19. ലോകത്തിലെ തന്നെ ഏറ്റവും സവിശേഷമായ പശുക്കളില്‍ ഒന്നു കൂടിയാണിത്.
ഗിന്നസ് വേള്‍ഡ് റെക്കോഡ്
വിയറ്റിന-19 ലോകത്തിലെ ഏറ്റവും വിലയേറിയ പശു മാത്രമല്ല, ഒരു ലോക സുന്ദരി കൂടിയാണ്. ഗിന്നസ് വേള്‍ഡ് റെക്കോഡിലും ഇത് ഇടം നേടിയിട്ടുണ്ട്. ചാംപ്യന്‍സ് ഓഫ് ദി വേള്‍ഡ് മത്സരത്തില്‍ മിസ് സൗത്ത് അമേരിക്ക എന്ന ടൈറ്റിലും അത് കരസ്ഥമാക്കിയിട്ടുണ്ട്. വെളുത്തതും തിളക്കമേറിയ ചര്‍മവും ഉയര്‍ന്നുനില്‍ക്കുന്ന കൊമ്പും ഇതിന്റെ പ്രത്യേകതയാണ്. ഈ സവിശേഷതകള്‍ ചൂടുകാലാവസ്ഥയെ പ്രതിരോധിക്കാന്‍ അവയെ സഹായിക്കുന്നു.