പാലക്കാട് പട്ടാമ്പിയിൽ ഫുട്ബോൾ മത്സരത്തിനിടെ ഗ്യാലറി തകർന്നു വീണ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. ഗ്യാലറി തകർന്ന് 70 ഓളം പേർക്കാണ് പരിക്കേറ്റത്. 62 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഗ്യാലറിയിൽ ഉൾക്കൊള്ളാവുന്നതിൽ അധികം ആളുകളെ പ്രവേശിപ്പിച്ചതിനാണ് കേസെടുത്തത്.
ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സ്റ്റേഡിയം തകർന്നു വീണ് അപകടം നടന്നത്. ഒരു മാസമായി നടന്നു വരുന്ന വല്ലപ്പുഴ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിന്റെ ഫൈനൽ നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗ്യാലറി പൊട്ടിതുടങ്ങുന്നത് ശ്രദ്ധയിൽപെട്ടയുടനെ തന്നെ കാണികൾ ചാടി രക്ഷപ്പെട്ടതിനാൽ ആർക്കും ഗുരുതരമായി പരിക്ക് സംഭവിച്ചില്ല.
അവസാന ദിവസം പ്രതീക്ഷിച്ചതിലും കൂടുതൽ കാണികൾ എത്തിയിരുന്നു. താങ്ങാവുന്നതിലും കൂടുതൽ ആളുകൾ ഇരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സ്റ്റേഡിയം നിർമ്മിച്ചത് പിഡബ്ല്യുഡി ബിൽഡിംഗ് വിഭാഗത്തിന്റെ അനുമതിയോടെയാണ്. എന്നാൽ, നിശ്ചയിച്ചിരുന്നതിലും കൂടുതൽ ആളുകൾ മത്സരം കാണാന്‍ എത്തിയതാണോ അപകടകാരണമെന്നത് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.