ആമസോണില്‍ (Amazon) ഓര്‍ഡര്‍ ചെയ്തത് കൈയ്യില്‍ കിട്ടുമ്പോള്‍ അക്കിടി പറ്റുന്ന സംഭവങ്ങള്‍ നിരവധിയായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. അത്തരത്തില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ക്യാമറയടക്കം 43,801 രൂപയുടെ മൂന്ന് ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത യുവാവിനാണ് അക്കിടി പറ്റിയത്. സാധനങ്ങളടങ്ങിയ പാക്കറ്റ് തുറന്നുനോക്കിയപ്പോള്‍ അതില്‍ ക്യാമറ ഉണ്ടായിരുന്നില്ലെന്ന് യുവാവ് പറയുന്നു. തുടര്‍ന്ന് ആമസോണിലെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടു. എന്നാല്‍ സാധനങ്ങളുടെ ഡെലിവറി പൂര്‍ത്തിയായെന്നാണ് കാണിക്കുന്നതെന്നും ഇനി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് കസ്റ്റമര്‍ കെയറില്‍ നിന്നും ലഭിച്ച മറുപടിയെന്നും യുവാവ് പറഞ്ഞു.
എന്നാല്‍ പാക്കറ്റില്‍ എന്തോ തിരിമറി നടന്നിട്ടുണ്ടെന്നാണ് യുവാവ് പറയുന്നത്. പാക്കറ്റില്‍ 1.28 കിലോഗ്രാം ഭാരമാണ് കാണിച്ചിരുന്നത്. എന്നാല്‍ തനിക്ക് കിട്ടിയ പാഴ്സലിന്റെ ഭാരം വെറും 650 ഗ്രാം മാത്രമായിരുന്നുവെന്നും യുവാവ് പറഞ്ഞു. തുടര്‍ന്ന് എക്സില്‍ ആമസോണിനെ ടാഗ് ചെയ്ത് അദ്ദേഹം തന്റെ പരാതി അറിയിച്ചു.
യുവാവിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ‘ഇത്രയും വിലകൂടിയ സാധനങ്ങള്‍ക്ക് എന്തുകൊണ്ട് ഓപ്പണ്‍ ഡെലിവറി ഓര്‍ഡര്‍ തെരഞ്ഞെടുത്തില്ല’?എന്ന് ഒരാള്‍ കമന്റ് ചെയ്തു.
“ഇതുകൊണ്ടാണ് വിലകൂടിയ സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ ഞാന്‍ വാങ്ങാത്തത്. ഇവ നേരിട്ട് പോയി വാങ്ങുന്നതാണ് നല്ലത്,” മറ്റൊരാള്‍ കമന്റ് ചെയ്തു.
“പാക്കറ്റ് തുറക്കുന്നതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടോ?,” എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ചിലര്‍ തങ്ങള്‍ക്കും സമാനമായ അനുഭവം ഉണ്ടായതായി കമന്റ് ചെയ്തു.
“സമാനമായ അനുഭവം എനിക്കുമുണ്ടായി. ഞാന്‍ റോബോട്ട് വാക്വം ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ 2 തലയിണ മാത്രമാണ് ലഭിച്ചത്. പാക്കറ്റ് കണ്ടപ്പോഴെ എനിക്ക് സംശയം തോന്നിയിരുന്നു. അതിനാല്‍ പാക്കറ്റ് തുറക്കുന്നതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്തു. പിന്നീട് ഇക്കാര്യം ആമസോണ്‍ കസ്റ്റമര്‍ കെയര്‍ വിഭാഗത്തെ അറിയിച്ചു. പരിശോധനയ്ക്ക് ശേഷം അവര്‍ എനിക്ക് റീഫണ്ട് നല്‍കുകയും ചെയ്തു,” എന്ന് ഒരാള്‍ കമന്റ് ചെയ്തു.