തൊടുപുഴ: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ് അനന്തു കൃഷ്ണന് നടത്തിയ സി.എസ്.ആര് ഫണ്ട് തട്ടിപ്പ്. വിവിധ പദ്ധതികളുടെ പേരില്‍ ഇടുക്കി, മൂവാറ്റുപുഴ കുടയത്തൂര്‍ സ്വദേശി അനന്തു കൃഷ്ണന് നടത്തിയത് കോടികളുടെ തട്ടിപ്പാണ്. കോര്‍പ്പറേറ്റ് കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് വഴി സ്കൂട്ടര്‍, ലാപ്ടോപ്, തയ്യല്‍ മെഷിന്, മറ്റ് വസ്തുക്കള്‍ എന്നിവ പകുതി വിലയ്ക്ക് വാങ്ങി തരാമെന്ന് വാഗ്ദാനം നല്കി 1000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയതായാണ് പോലീസ് വ്യക്തമാക്കുന്നത്. 1200-ല്‍ പരം സാധാരണക്കാരായ സ്ത്രീകള്‍ ഇതില്‍ ഇരകളാവുകയും ചെയ്തു.
‘വിമണ്‍ ഓണ്‍ വീല്‍സ്’ എന്ന പദ്ധതിയുടെ പേരിലായിരുന്നു കോടികളുടെ തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ ബാക്കി പകുതി തുക കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആര്‍ ഫണ്ടായി ലഭിക്കുമെന്നും അനന്തു കൃഷ്ണന് വാഗ്ദാനം നല്കി. പണം അടച്ച് 45 ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാകുമെന്നും പറഞ്ഞിരുന്നു. അതിനു പുറമേ ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളുമൊക്കെ ലഭിക്കുമെന്ന് അറിയിച്ചു.
വ്യാജ എന്‍.ജി.ഒകള്‍ രൂപീകരിച്ച് ഇവയില്‍ വൊളന്റിയര്‍മാരായി ജനപ്രതിനിധികളെയും മറ്റും ഉള്‍പ്പെടുത്തി വിശ്വാസ്യത സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്മെന്റ് സൊസൈറ്റി എന്ന പേരില്‍ എന്‍ജിഒ രൂപീകരിച്ച് ഇരുചക്ര വാഹനങ്ങള്‍ പകുതി വിലയ്ക്ക് നല്‍കാമെന്നു വാഗ്ദാനം ചെയ്ത് 9 കോടിയോളം രൂപ സമാഹരിച്ച സംഭവത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനന്തു കൃഷ്ണനെ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി ഒന്നിനാണ് അനന്തു കൃഷ്ണനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തെ അനന്തുവിന്റെ ഫ്ലാറ്റില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് രാഷ്ട്രീയ നേതാക്കള്‍ അനന്തു കൃഷ്ണന്റെ ഫ്ലാറ്റിലെ സ്ഥിരം സന്ദര്‍ശകരാണെന്ന വിവരം ലഭിക്കുന്നത്. ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണനും കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റും ഫ്ലാറ്റില്‍ വരാറുണ്ടെന്ന് കെയര്‍ ടേക്കര്‍ പോലീസിനോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ വിവിധ നേതാക്കള്‍ക്കൊപ്പമുളള ഫോട്ടോ അനന്തു കൃഷ്ണന് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതും തട്ടിപ്പ് പ്രതി അനന്തു കൃഷ്ണന് പ്രമുഖ രാഷ്ട്രീയക്കാരുമായി ബന്ധമുണ്ടെന്ന സംശയത്തെ ഉറപ്പിക്കുന്നതായിരുന്നു.
കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റാണ് തട്ടിപ്പിന്റെ കേസില്‍ ആദ്യം കുരുക്കിലായ രാഷ്ട്രീയ നേതാവ്. സീഡ് സൊസൈറ്റിയുടെ നിയമ ഉപദേഷ്ടാവായ ലാലി വിന്‍സെന്റ് കേസില്‍ ഏഴാം പ്രതിയാണ്. ബി.ജെ.പി നേതാക്കളായ എ.എന്‍ രാധാകൃഷ്ണനും ജെ പ്രമീളാ ദേവിയും ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. അനന്തു കൃഷ്ണന് സംഘടിപ്പിച്ച പല പരിപാടികളിലും എ.എന്‍ രാധാകൃഷ്ണന് ഉദ്ഘാടനത്തിനായി എത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കൊച്ചിയിലെ അനന്തുവിന്റെ ഫ്ളാറ്റില്‍ രാധാകൃഷ്ണന് വരാറുണ്ടായിരുന്നതായി സെക്യൂരിറ്റി ജീവനക്കാരും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സീഡ് സൊസൈറ്റിയുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലാത്തതിനാല്‍ പ്രതി ചേര്‍ത്തിട്ടില്ല.
2022 മുതല്‍ 62 എന്‍.ജി.ഒകള്‍ രൂപീകരിച്ച് സമാനമായ വിധത്തില്‍ അനന്തു കൃഷ്ണന് പണം സമാഹരിച്ചിരുന്നു. നേരത്തെയും തട്ടിപ്പു കേസില്‍ അനന്തു അറസ്റ്റിലായിട്ടുണ്ട്. അടിമാലി പോലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത തട്ടിപ്പു കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തിരുന്നു. നാല് ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് കണ്ടുകെട്ടി. 450 കോടിയോളം രൂപയുടെ ഇടപാട് നടന്നെങ്കിലും 3 കോടിയോളം രൂപയാണ് അനന്തു കൃഷ്ണന്റെ അക്കൗണ്ടില്‍ ബാക്കിയുള്ളത്. ബാക്കി പണം വിദേശത്തേക്ക് കടത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്.
തട്ടിപ്പ് നടത്തി അനന്തു കൃഷ്ണന് വാങ്ങിക്കൂട്ടിയത് കോടികളുടെ ഭൂസ്വത്താണ്. ഇടുക്കിയില്‍ അനന്തുവിന്റെ വീടിന് സമീപത്തും പാലായിലുമായിട്ടാണ് ഭൂമി വാങ്ങിയത്. സെന്റിന് ഒന്നര ലക്ഷം മുതല്‍ നാല് ലക്ഷം രൂപ വരെ വില വരുന്ന ഭൂമിയാണ് ഇയാള്‍ വാങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. സത്യസായി ട്രസ്റ്റിന്റെ പേരിലടക്കം ഭൂമി വാങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുട്ടം ശങ്കരപള്ളിക്ക് സമീപം 17.5 സെന്റ്, ഏഴാംമൈലില്‍ 12 സെന്റ് മേലുകാവില്‍ പലയിടങ്ങളിലായി 20 മുതല്‍ 70 സെന്റ് വരെയുള്ള സ്ഥലങ്ങളും ലക്ഷങ്ങള്‍ വിലവരുന്ന വാഹനങ്ങളും അനന്തു വാങ്ങിയിരുന്നുവെന്നാണ് വിവരം.
പരാതികളും ആരോപണങ്ങളും ഉയര്‍ന്നതിന് പിന്നാലെ അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ അനന്തു കൃഷ്ണന് രൂപം മാറ്റാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. തല മൊട്ടയടിച്ചും മീശ വടിച്ചുമാണ് ആരും രീതിയില്‍ അനന്തു രൂപം മാറ്റിയത്. പോലീസ് സ്റ്റേഷനില്‍ പ്രതിയെ നേരില്‍ കണ്ട പ്രമോട്ടര്‍മാര്‍ക്ക് പോലും അനന്തുവിനെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.
അനന്തു കൃഷ്ണനെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ടായിട്ടും ഇപ്പോഴും രാഷ്ട്രീയക്കാര്‍ പിന്തുണക്കുകയാണ്. അനന്തുകൃഷ്ണന് മകനെപ്പോലെയാണെന്നും തട്ടിപ്പുണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവും കേസിലെ പ്രതിയുമായ ലാലി വിന്‍സന്റ് പറഞ്ഞു. അനന്തു ചെയ്ത നല്ലകാര്യങ്ങള്‍ തനിക്കറിയാമെന്നും അനന്തുവും ആനന്ദകുമാറും ആയുള്ള അഭിപ്രായവ്യത്യാസമാണ് പ്രശ്നകാരണമെന്നും ലാലി പറഞ്ഞു. മാത്രമല്ല, നരേന്ദ്ര മോദിയെ കാണാന്‍ അനന്തുകൃഷ്ണനെ സഹായിച്ചത് എ. എന്‍ രാധാകൃഷ്ണനാണ്.
അതേസമയം, സി.എസ്.ആര് ഫണ്ട് തട്ടിപ്പില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന സംഘമാണ് കേസ് അന്വേഷിക്കുക. അനന്തു കൃഷ്ണനെതിരെ പരാതികള്‍ വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറ്റുന്നത്.