ലണ്ടന്‍: ഇംഗ്ലണ്ടില്‍ സ്കൂള്‍ ഹോളിഡേ ഫൈനായി കഴിഞ്ഞവര്‍ഷം മാതാപിതാക്കള്‍ അടച്ചത് റെക്കോര്‍ഡ് പിഴ. കഴിഞ്ഞ അധ്യയന വര്‍ഷം 443,322 പൗണ്ടാണ് ഇത്തരത്തില്‍ വിവിധ കൗണ്‍സിലുകള്‍ക്ക് മാതാപിതാക്കള്‍ പിഴയായി നല്‍കിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍.
2016-17 അധ്യയന വര്‍ഷത്തിലാണ് അനധികൃതമായി സ്കൂളുകളില്‍നിന്നു കുട്ടികളെ അവധിക്കു കൊണ്ടുപോകുന്ന മാതാപിതാക്കള്‍ക്ക് പിഴ വിധിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ചത്. അന്നു മുതല്‍ ഒരോ വര്‍ഷവും പിഴത്തുകയില്‍ വര്‍ധന ഉണ്ടെങ്കിലും കഴിഞ്ഞ വര്‍ഷമാണ് സര്‍വകാല റെക്കോര്‍ഡ് ഭേദിച്ചത്24 ശതമാനമാണ് വര്‍ധന.
യോര്‍ക്ഷെയറിലാണ് ഏറ്റവും അധികം പേര് പിഴയൊടുക്കിയത്. 2019-20, 2020-21 കാലയളവ് കോവിഡ് കാലമായിരുന്നതിനാല്‍ പിഴത്തുക ആര്‍ക്കുംതന്നെ ബാധകമായില്ല. എന്നാല്‍ അതിനുശേഷം ഓരോവര്‍ഷവും പിഴ വര്‍ധിച്ചുവരികയാണ്. ഒരു കുട്ടി അഞ്ചോ അതിലധികമോ ദിവസം സ്കൂളില്‍ ഹാജരാകാതിരുന്നാല്‍ 80 പൗണ്ടാണ് പിഴ അടയ്ക്കേണ്ടത്. 28 ദിവസത്തിനുള്ളില്‍ പിഴ നല്‍കിയില്ലെങ്കില്‍ ഇത് ഇരട്ടിയായി ഉയരും.
ഒരു കുട്ടിതന്നെ രണ്ടാംവട്ടവും വീണ്ടും അവധിയെടുത്താല്‍ ആദ്യംതന്നെ പിഴ 160 പൗണ്ടാകും. രണ്ടില്‍ കൂടുതല്‍ തവണ അനധികൃതമായി അവധിയെടുത്താന് മാതാപിതാക്കള്‍ക്കെതിരെ നിയമനടപടിയും കോടതിയില്‍ നിന്നും 2500 പൗണ്ട് വരെ പിഴയും ലഭിക്കാം. ചില കൗണ്‍സിലുകള്‍ ജോലിക്കാരായ രണ്ടു രക്ഷകര്‍ത്താക്കളുടെയും പക്കല്‍നിന്നു പിഴ ഈടാക്കുന്നുണ്ട്.
അംഗീകൃത അവധി ദിവസങ്ങള്‍ക്കു പുറമെ കുട്ടികളെ സ്കൂളില്‍ അയയ്ക്കാതെ അവധിയെടുത്ത് കറങ്ങിനടക്കുന്ന മാതാപിതാക്കളെ നിയന്ത്രിക്കാനാണ് പിഴ സംവിധാനം സര്‍ക്കാര്‍ നടപ്പിലാക്കിയത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി മാതാപിതാക്കളാണ് ഇത്തരത്തില്‍ കുട്ടികളുമായി ദീര്‍ഘകാല അവധിക്കു പോകുന്നവരില്‍ ഏറെയും.