യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ(യുജിസി) വെബ്സൈറ്റില്‍ വ്യാജ സര്‍വകലാശാലകളുടെ പട്ടികയില്‍ 21 സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുകാന്ത മജുംദാര്‍ അറിയിച്ചു. 2014 മുതല്‍ രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്ന 12 വ്യാജ സര്‍വകലാശാലകള്‍ അടച്ചുപൂട്ടിയതായും ലോക്സഭയില്‍ രേഖാമൂലംനല്‍കിയ മറുപടിയില്‍ അദ്ദേഹം അറിയിച്ചു.
21 സര്‍വകലാശാലകളെ യുജിസി വ്യാജമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ എന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്നുമുള്ള ചോദ്യത്തിന് ലോക്സഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ക്രമസമാധാന പരിപാലനം സംസ്ഥാന സര്‍ക്കാരുടെ പരിഗണനയിലുള്ള വിഷയമാണെന്നും മന്ത്രി മറുപടി നല്കി.
ഈ 21 വ്യാജ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന് നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദോശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ‘സര്‍വകലാശാലകള്‍’ എന്ന് തെറ്റായി ചിത്രീകരിച്ച്, ബിരുദങ്ങള്‍ നല്കി, ‘സര്‍വകലാശാല’ എന്ന വാക്ക് തങ്ങളുടെ പേരില്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളെ വഞ്ചിച്ചവര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. യുജിസിയുടെ വ്യാജ സര്‍വകലാശാലകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത വ്യാജ സര്‍വകലാശാലകള്‍ സംസ്ഥാനങ്ങളിലോ കേന്ദ്രഭരണപ്രദേശങ്ങളിലോ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അവരോട് നിര്‍ദേശിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെയും യുജിസി വെബ്സൈറ്റിലൂടെയും പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പൊതു അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, നിരവധി സ്വയം പ്രഖ്യാപിത സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കുമെതിരേ സര്‍ക്കാര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ ബിരുദങ്ങള്‍ നല്കുന്ന അനധികൃത സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസോ മുന്നറിയിപ്പ് നോട്ടീസോ നല്‍കിയിട്ടുമുണ്ട്.
കേരളത്തില്‍ നിന്നുള്ള രണ്ട് സര്‍വകലാശാലകളാണ് വ്യാജ സർവകലാശാലയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി കിഷ്നാട്ടം, കോഴിക്കോട് കുന്നമംഗലത്തുനിന്നുള്ള ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് ഫ്രോഫറ്റിക് മെഡിസിന് എന്നിവയാണ് യുജിസിയുടെ വ്യാജ സര്‍വകലാശാലകളുടെ പട്ടികയിലുള്ളത്. ഇവ രണ്ടും അടച്ചുപൂട്ടി.
ആന്ധ്രാപ്രദേശ്
- ക്രൈസ്റ്റ് ന്യൂ ടെസ്റ്റ്മെന്റ് ഡീംഡ് യൂണിവേഴ്സിറ്റി, ഗുണ്ടൂര്‍
- ബൈബിള്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് ഇന്ത്യ, വിശാഖപട്ടണം
ഡല്‍ഹി
- ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആന്‍ഡ് ഫിസിക്കല്‍ ഹെല്‍ത്ത് സയന്‍സസ്(AIIPHS)സ്റ്റേറ്റ് ഗവണ്മെന്റ് യൂണിവേഴ്സിറ്റി, അലിപൂര്‍
- കൊമേഷ്യല്‍ യൂണിവേഴ്സിറ്രി ലിമിറ്റഡ്, ദര്യഗഞ്ച്
- യുണൈറ്റഡ് നാഷന്‍സ് യൂണിവേഴ്സിറ്റി, ഡല്‍ഹി
- വൊക്കേഷണല്‍ യൂണിവേഴ്സിറ്റി, ഡല്‍ഹി
- എഡിആര്‍-സെന്‍ട്രിക് ജുറിഡിക്കല്‍ യൂണിവേഴ്സിറ്റി, രാജേന്ദ്ര പാലസ്
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ന്യൂഡല്‍ഹി
- വിശ്വകര്‍മ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്മെന്റ്, ഡല്‍ഹി
- ആധ്യാത്മിക് വിശ്വവിദ്യാലയ(സ്പിരിച്ചല്‍ യൂണിവേഴ്സിറ്റി), വിജയ് വിഹാര്‍, റിതാല,രോഹിണി
കര്‍ണാടക
- ബദഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്സിറ്റി എജ്യുക്കേഷന്‍ സൊസൈറ്റി, ഗോകാക്ക്, ബല്‍ഗാം
മഹാരാഷ്ട്ര
- രാജ അറബിക് യൂണിവേഴ്സിറ്റി, നാഗ്പുര്‍
പോണ്ടിച്ചേരി
- ശ്രീ ബോധിനി അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍, വഴുതവൂര്‍ റോഡ്, പോണ്ടിച്ചേരി
ഉത്തര്‍ പ്രദേശ്
- ഗാന്ധി ഹിന്ദി വിദ്യാപീഠ്, അലഹാബാദ്, പ്രയാഗ്
- നേതാജി സുഭാഷ് ചന്ദ്ര ബോസ് യൂണിവേഴ്സിറ്റി(ഓപ്പണ്‍ യൂണിവേഴ്സിറ്റി), അലിഗഢ്
- ഭാരതീയ ശിക്ഷാ പരിഷത്, ഭാരത് ഭവന്, ലഖ്നൗ
- മഹാമായ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി, നോയിഡ
പശ്ചിമബംഗാള്‍
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അള്‍ട്ടര്‍നേറ്റീവ് മെഡിസിന്, കൊല്‍ക്കത്ത
- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അള്‍ട്ടര്‍നേറ്റീവ് മെഡിസിന് ആന്‍ഡ് റിസേര്‍ച്ച്, താക്കൂര്‍പുകുര്‍, കൊല്‍ക്കത്ത.