കൊളംബോ: ബ്രിട്ടിഷ് സമൂഹ മാധ്യമ ഇന്‍ഫ്‌ളുവന്‍സറായ 24കാരിയുടെ മരണവാര്‍ത്തയുടെ നടുക്കത്തിലാണ് കുടുംബം. ശ്രീലങ്കയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ മരിച്ച യുവ ബ്രിട്ടിഷ് ഫാഷന്‍, ട്രാവല്‍ ഇന്‍ഫ്‌ലുവന്‍സര്‍ എബോണി മക്കിന്റോഷ് താമസിച്ചിരുന്ന ഹോസ്റ്റലിലെ ജര്‍മന്‍ വിനോദസഞ്ചാരിയും സമാനമായ രീതിയില്‍ മരിച്ചു. ഇരുവരുടെയും മരണകാരണം കീടനാശിനി വിഷബാധയാണെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
എബോണി താമസിച്ചിരുന്ന മിറാക്കിള്‍ കൊളംബോ സിറ്റി ഹോസ്റ്റലിലെ ജര്‍മന്‍ വനിതയും സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ശേഷമാണ് മരിച്ചത്. ജര്‍മന്‍ വനിതയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഇരുവരും ഒരേ മുറിയിലാണ് താമസിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കന്‍ അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോസ്റ്റല്‍ താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.
മരണത്തിന് 72 മണിക്കൂര്‍ മുന്‍പ് അടുത്ത മുറിയില്‍ കട്ടിലുകളില്‍ കാണുന്ന ചെള്ളിനെ നശിപ്പിക്കാന്‍ ശക്തമായ കീടനാശിനികള്‍ ഉപയോഗിച്ചിരുന്നതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉപയോഗിച്ച കീടനാശിനിയുടെ കൃത്യമായ വിവരം ഇനിയും സ്ഥിരീകരിക്കാനുണ്ട്. ഇരുവരുടെയും മരണകാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം.
ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാനും സഹോദരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനും കുടുംബത്തെ സഹായിക്കുന്നതിന് എബോണിയുടെ സഹോദരി ഇന്ത്യ ഗോഫണ്ട്മീ പേജ് ആരംഭിച്ചിട്ടുണ്ട്.