ബ്യൂണസ് അയേഴ്സ്: പ്രായപൂർത്തിയാകാത്തവർക്കുള്ള ലിംഗമാറ്റ ചികിത്സകളും ശസ്ത്രക്രിയകളും നിരോധിക്കാനും ട്രാൻസ് സ്ത്രീകളെ വനിതാ ജയിലുകളിൽ പാർപ്പിക്കുന്നതിന് പരിധികൾ ഏർപ്പെടുത്താനും പ്രസിഡന്റ് ജാവിയര്‍ മിലെ തീരുമാനമെടുത്തതായി അർജന്റീനയുടെ പ്രസിഡന്റ് ഓഫിസ് അറിയിച്ചു. ലൈംഗിക കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത്, സ്ത്രീകൾക്കെതിരായ അക്രമങ്ങൾ എന്നിവയിൽ ശിക്ഷിക്കപ്പെട്ടാൽ ഒരു ട്രാൻസ് സ്ത്രീയെയും വനിതാ ജയിലിൽ പാർപ്പിക്കില്ലെന്നും അധികൃതർ പറയുന്നു.
വനിതാ ജയിലുകളിൽ എത്ര ട്രാൻസ് സ്ത്രീകൾ ഉണ്ടെന്നോ ഏതൊക്കെ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണെന്നോ ഓഫിസ് വിശദാംശങ്ങൾ നൽകിയിട്ടില്ല. ഇന്റർസെക്സ് ആളുകളെ ഈ മാറ്റം എങ്ങനെ ബാധിക്കുമെന്നും പറഞ്ഞിട്ടില്ല. കുട്ടികൾക്ക് ഹോർമോൺ ചികിത്സയും ശസ്ത്രക്രിയയും നിരോധിക്കുന്നത് ഉൾപ്പെടെ, ആളുകൾക്ക് അവരുടെ ലിംഗ വ്യക്തിത്വം മാറ്റാൻ അനുവദിക്കുന്ന 2012 ലെ നിയമം പരിഷ്കരിക്കുമെന്നും അധികൃതർ പറയുന്നു.
അർജന്റീനയിൽ കുട്ടികളിൽ ലിംഗ ശസ്ത്രക്രിയകൾ വളരെ അപൂർവമായി മാത്രമേ നടത്താറുള്ളൂ. പ്രായപൂർത്തിയാകാത്തവരെ മരുന്നുകളോ ഹോർമോൺ തെറാപ്പികളോ ആരംഭിക്കുന്നതിന് മുമ്പ് വൈദ്യശാസ്ത്രപരമായി വിലയിരുത്തുകയും രോഗനിർണയം നടത്തുകയും വേണം.