പാനമ സിറ്റി: പാനമ കനാൽ തിരിച്ചുപിടിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി നിലനിൽക്കെ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് (ബിആർഐ) പദ്ധതിയിൽനിന്ന് ഔദ്യോഗികമായി പിന്മാറി പാനമ. പാനമ കനാലിന്റെ നിയന്ത്രണം ചൈനയ്ക്കാണെന്ന് ആരോപിച്ചാണു കനാൽ തിരിച്ചെടുക്കുമെന്നു ട്രംപ് പതിവായി ഭീഷണി മുഴക്കി വരുന്നത്.
പദ്ധതിയിൽനിന്നു പിന്മാറുന്നതുമായി ബന്ധപ്പെട്ട് 90 ദിവസത്തെ നിയമപരമായ അറിയിപ്പ് ചൈനീസ് എംബസിക്ക് കൈമാറിയിട്ടുണ്ടെന്നും പാനമ പ്രസിഡന്റ് ഹോസെ റൗൾ മുളിനോ പറഞ്ഞു. ബിആർഐയുമായി ബന്ധപ്പെട്ട കരാർ പുതുക്കാൻ താൽപര്യമില്ലെന്നാണ് നോട്ടിസിലൂടെ പാനമ ചൈനയെ അറിയിച്ചിട്ടുള്ളത്. കര, സമുദ്ര മാർഗങ്ങളിലൂടെ ഏഷ്യയെ ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളുമായി ബന്ധിപ്പിക്കാനുള്ള ചൈനയുടെ സ്വപ്ന പദ്ധതിയാണ് ബിആർഐ. പദ്ധതിയുടെ ഭാഗമായി പാനമയിൽ ചൈന സ്വാധീനം വർധിപ്പിക്കുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചിരുന്ന ഘടകം.