എഡിൻബറോ: ടേബിൾ ടെന്നീസ് കളിക്കുന്നതിനിടെ സ്കോട്‌ലൻഡിൽ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. സ്കോട്ലൻഡിലെ എഡിൻബറോ ലിവിങ്സ്റ്റണിൽ താമസിച്ചിരുന്ന തൃശൂർ ചേലക്കര സ്വദേശി മനീഷ് നമ്പൂതിരി (36) ആണ് മരിച്ചത്.
എൻജിനീയറിങ് ബിരുദധാരിയായ മനീഷ് നാറ്റ് വെസ്റ്റ് ബാങ്കിലെ ടെക്നോളജി ഓഫിസര്‍ ആയിരുന്നു. ഇന്നലെ വൈകിട്ട് ടെന്നീസ് കളിക്കിടെയാണ് മനീഷ് കുഴഞ്ഞു വീണത്. ഉടൻ തന്നെ പാരാമെഡിക്സ് സംഘം സ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ലിവിങ്സ്റ്റണ്‍ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നാലു വര്‍ഷം മുൻപ് സ്‌കോട്‌ലന്‍ഡില്‍ എത്തിയ മനീഷ് മുബൈയിൽ ആണ് ജനിച്ചതും വളർന്നതും. ഏകദേശം ഒരു മാസം മുൻപാണ് മനീഷും ഭാര്യ ദിവ്യയും ലിവിങ്സ്റ്റണിൽ പുതിയ വീട് വാങ്ങി താമസം ആരംഭിച്ചത്. തൃശൂർ ജില്ലയിലെ ചേലക്കര ആറ്റൂർ മുണ്ടയൂർ മനയിൽ എം ആര്‍ മുരളീധരന്റെയും നളിനിയുടെയും മകനാണ് മനീഷ്. അഭിലാഷ് (ഹൈദരാബാദ്) സഹോദരനാണ്. ലണ്ടൻ, ബർമിങ്ങാം, ഫിൻലൻഡ് എന്നിവിടങ്ങളിൽ നിന്നും മരണ വിവരം അറിഞ്ഞു എഡിൻബറോയിലേക്ക് ബന്ധുക്കൾ യാത്ര തിരിച്ചിട്ടുണ്ട്. ബന്ധുക്കൾ എത്തിയ ശേഷമാണ് സംസ്കാരം സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുക.