ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജയും അമേരിക്കയിലെ രാഷ്ട്രീയ നേതാവുമായ ക്ഷമ സാവന്തിന് ഇന്ത്യ വിസ നിഷേധിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ യു.എസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ക്രമസമാധാനപ്രശ്‌നങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ട്. വിസ നിഷേധിച്ചതിന് പിന്നാലെ യു.എസിലെ സിയാറ്റായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രതിഷേധവുമായി പോയെന്ന് ക്ഷമ സാവന്ത് കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കോണ്‍സുലേറ്റില്‍ ചില ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിട്ടതായി സിയാറ്റായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചത്. എന്നാല്‍, ആരുടെയും പേര് പരാമര്‍ശിക്കുകയോ സംഭവത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെയ്ക്കുകയോ ചെയ്തിട്ടില്ല.
പ്രവൃത്തിസമയത്തിന് ശേഷം ചിലര്‍ ഓഫീസിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കാന്‍ ശ്രമിച്ചെന്നും എത്ര ആവര്‍ത്തിച്ചിട്ടും ഇവര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ലെന്നുമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചത്. കോണ്‍സുലേറ്റിലെ ജീവനക്കാരെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും ഇതേത്തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചതായും കുറിപ്പിലുണ്ട്. ഇവര്‍ക്കെതിരേ തുടര്‍നടപടികള്‍ ആരംഭിച്ചതായും കോണ്‍സുലേറ്റ് അറിയിച്ചു.