മുംബൈ : ഇന്ത്യയുടെ വിശ്വസ്ഥ വ്യവസായി രത്തൻ ടാറ്റായുടെ വിൽപ്പത്രവും ഞെട്ടിച്ചു. അദ്ദേഹത്തിന്റെ സ്വത്തിന്റെ മൂന്നിലൊന്നും മുൻ ജീവനക്കാരനെന്നാണ് വിൽപത്രത്തിൽ വ്യക്തമാക്കിയത്.
ടാറ്റ ഗ്രൂപ്പിലെ മുൻ ജീവനക്കാരും വിശ്വസ്തനുമായ മോഹിനി മോഹൻ ദത്തയ്ക്ക് (74) രത്തൻ ടാറ്റ വിൽപത്രത്തിൽ നീക്കിവച്ചത് 650 കോടിയോളം രൂപ ദത്തയുമായി ടാറ്റയ്ക്ക് ഇത്രയധികം അടുപ്പം ഉണ്ടായിരുന്നു എന്ന വാർത്ത കുടുംബാംഗങ്ങൾ പോലും ഞെട്ടലോടെയാണ് കേട്ടത്. കഴിഞ്ഞ ദിവസം വിൽപത്രം തുറന്നപ്പോഴാണ് ദത്തയുടെ പേര് പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയത് മറ്റുള്ളവർ അറിഞ്ഞത്. പൊതുരംഗത്ത് അറിയപ്പെടാത്ത ദത്തയ്ക്കൊപ്പം ടാറ്റയെ അധികമാരും കണ്ടിട്ടുമില്ല. ഇതോടെ വിൽപത്രം കോടതി കയറുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
350 കോടി രൂപയുടെ സ്ഥിരനിക്ഷേപം, പെയ്ന്റിങ്ങുകൾ, ആഡംബര വാച്ചുകൾ എന്നിവ ലേലം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തുകയുടെ മൂന്നിലൊന്ന് എന്നിവ ദത്തയ്ക്ക് നൽകണമെന്നാണ് വിൽപത്രത്തിലുള്ളത്. മൂന്നിൽ രണ്ടു ഭാഗം രത്തൻ അർധസഹോദരിമാരായ സിറീൻ ജിജാഭോയ്, ദീന ജീജഭോയ് എന്നിവർക്കാണ്. ഓഹരി നിക്ഷേപം അടക്കം നല്ലൊരു ഭാഗം സ്വത്ത് സന്നദ്ധ സംഘടനകളായ ടാറ്റ എൻഡോവ്മെന്റ് ഫൗണ്ടേഷൻ, രത്തൻ ടാറ്റ എൻഡോവ്മെന്റ് ട്രസ്റ്റ് എന്നിവയ്ക്കാണ്.
അർധസഹോദരനും പിൻഗാമിയുമായ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ, അദ്ദേഹത്തിന്റെ മക്കൾ എന്നിവർക്ക് സ്വത്ത് നൽകിയിട്ടില്ല. എന്നാൽ, സഹോദരൻ ജിമ്മി ടാറ്റയ്ക്ക് 50 കോടിയുടെ സ്വത്ത് നൽകണമെന്ന് വിൽപ്പത്രത്തിൽ വ്യക്തമാക്കുന്നു.
ജംഷെഡ്പുർ സ്വദേശിയായ മോഹിനി മോഹൻ ദത്ത ടാറ്റ ഗ്രൂപ്പിലാണ് കരിയർ തുടങ്ങിയത്. അദ്ദേഹം തുടങ്ങിയ സ്റ്റാലിയൻ എന്ന ട്രാവൽ ഏജൻസിയെ 2013ൽ ടാറ്റ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ഏറ്റെടുത്തു. തോമസ് കുക്ക് ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിൽ ടിസി ട്രാവൽ സർവീസസ് എന്ന സ്ഥാപനവും നടത്തിയിരുന്നു. ദത്തയുടെ രണ്ടു പെൺമക്കളിൽ ഒരാൾ ടാറ്റ ഹോട്ടൽസിലും ടാറ്റ ട്രസ്റ്റ്സിലും ജോലി ചെയ്തിട്ടുണ്ട്.
രത്തന് 24 വയസ്സുള്ളപ്പോഴാണ് പരിചയപ്പെട്ടതെന്നും തന്റെ വളർച്ചയിൽ അദ്ദേഹത്തിന്റെ വലിയ പങ്കുണ്ടെന്നും ദത്ത പറഞ്ഞിരുന്നു. ആറു പതിറ്റാണ്ടായി അടുത്ത ബന്ധമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. രത്തൻ ടാറ്റയുടെ വളർത്തുപുത്രനാണെന്ന് ദത്ത അവകാശപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വിൽപത്രത്തിൽ ഇത്തരം കാര്യങ്ങൾ വ്യക്തമാക്കുന്നില്ല