Saturday, February 8, 2025

HomeAmericaട്രംപിന് പിന്നാലെ കായികമേഖലയും; വനിതാ കായിക ഇനങ്ങളില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി

ട്രംപിന് പിന്നാലെ കായികമേഖലയും; വനിതാ കായിക ഇനങ്ങളില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി

spot_img
spot_img

വനിതാ കായികയിനങ്ങളില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ (transgender) പെണ്‍കുട്ടികളെ വിലക്കി യുഎസിലെ നാഷണല്‍ കൊളീജിയറ്റ് അത്ലറ്റിക്സ് അസോസിയേഷന്‍ (എന്‍സിഎഎ). വ്യാഴാഴ്ചയോടെ ഉത്തരവ് പ്രാബല്യത്തില്‍ വരികയായിരുന്നു. വനിതാ കായിക ഇനങ്ങളില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും ഒഴിവാക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒച്ചുവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. ലിംഗനീതി ഉറപ്പാക്കുന്ന നടപടിയാണിതെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ലിംഗന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന നടപടിയാണിതെന്ന് വിമര്‍ശകര്‍ പറഞ്ഞു.

“ജനന സമയത്ത് ആണ്‍കുട്ടി എന്ന് രേഖപ്പെടുത്തിയ ഒരാള്‍ക്ക് പിന്നീട് വനിതാ കായികയിനങ്ങളില്‍ മത്സരിക്കാന്‍ സാധിക്കില്ല,” എന്ന് പുതിയ നയത്തില്‍ പറയുന്നു. നേരത്തെ ടെസ്റ്റോസ്റ്റിറോണ്‍ പരിധി പാലിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ എന്‍സിഎഎ അനുമതി നല്‍കിയിരുന്നു.

“രാജ്യത്തെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അഭിമാനിക്കാവുന്ന ദിവസമാണിത്. സ്ത്രീകള്‍ക്കെതിരെ മത്സരിക്കാന്‍ പുരുഷന്‍മാരെ അനുവദിക്കില്ല. വനിതാ കായിക മേഖലയെ രക്ഷിക്കാന്‍ കഴിഞ്ഞ പ്രസിഡന്റാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്,’’ ട്രംപ് പറഞ്ഞു. ഒളിമ്പിക്‌സിലും ഇതേരീതി പിന്തുടരണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

പുതിയ നയം വളരെ കുറച്ച് അത്‌ലറ്റുകളെ മാത്രമെ ബാധിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. 1100 സ്‌കൂളുകളില്‍ നിന്നുള്ള 530000 അത്‌ലറ്റുകളില്‍ 10ല്‍ താഴെ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകള്‍ മാത്രമെയുള്ളുവെന്ന് നാഷണല്‍ കൊളിജീയേറ്റ് അത്‌ലറ്റ്ക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ചാര്‍ളി ബേക്കര്‍ മുമ്പ് പറഞ്ഞിരുന്നു.

എന്നാല്‍ പുതിയ ഉത്തരവ് വ്യാപകമായ പ്രതിഷേധത്തിന് തിരികൊളുത്തി. വനിതാ കായികയിനങ്ങളില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ പെണ്‍കുട്ടികളെ ഒഴിവാക്കണമെന്ന് നേരത്തേയും ട്രംപ് ആവശ്യപ്പെട്ടിരുന്നു. 2024ല്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും ഈ ആവശ്യം മുഴങ്ങിക്കേട്ടിരുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ അവകാശങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന നിരവധി നിര്‍ദേശങ്ങളും ട്രംപ് മുന്നോട്ടുവെച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സൈന്യത്തില്‍ സേവനമനുഷ്ടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 19 വയസിന് താഴെയുള്ളവരുടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് നല്‍കിവരുന്ന പിന്തുണ റദ്ദാക്കാനും ട്രംപ് ഭരണകൂടം തീരുമാനിച്ചു. ഇതിനെല്ലാം പുറമെ ജയിലില്‍ കഴിയുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകളെ പുരുഷന്‍മാരുടെ ജയിലിലേക്ക് മാറ്റണമെന്നും പുറത്തിറക്കിയ ഉത്തരവുകളില്‍ പറയുന്നു.

ട്രംപിന്റെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി നാഷണല്‍ കൊളിജീയേറ്റ് അത്‌ലറ്റിക് അസോസിയേഷന്‍ അറിയിച്ചു. പുതിയ ഉത്തരവ് അനുസരിച്ച് സ്‌കൂളുകള്‍ മത്സരാര്‍ത്ഥികളുടെ യോഗ്യത മാനദണ്ഡങ്ങള്‍ പരിശോധിച്ചുറപ്പുവരുത്തണം. അതേസമയം യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ പുരുഷന്‍മാര്‍ക്ക് പുരുഷ കായികയിനങ്ങളില്‍പങ്കെടുക്കുന്നതിന് വിലക്കില്ല. എന്നാല്‍ സ്ത്രീയായി ജനിക്കുകയും ടെസ്റ്റോസ്റ്റിറോണ്‍ കുത്തിവെപ്പ് പോലുള്ള ഹോര്‍മോണ്‍ തെറാപ്പി തുടങ്ങുകയും ചെയ്തവര്‍ക്ക് വനിതാ ടീമിനോടൊപ്പം മത്സരിക്കാന്‍ സാധിക്കില്ല.

ട്രംപിന്റെ ഉത്തരവിനെതിരെ പ്രതിഷേധവുമായി എല്‍ജിബിടിക്യൂ വിഭാഗങ്ങള്‍ രംഗത്തെത്തി. ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് എല്‍ജിബിടിക്യൂ പ്രതിനിധികള്‍ ആരോപിച്ചു.

വനിതാ കായികയിനങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പെണ്‍കുട്ടികളെ മത്സരിപ്പിക്കുന്ന സ്‌കൂളുകള്‍ക്കുള്ള ഫെഡറല്‍ ഫണ്ട് നിര്‍ത്തലാക്കുമെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ യുഎസില്‍ കായികയിനങ്ങളില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ പെണ്‍കുട്ടികള്‍ക്ക് വിസ നിഷേധിക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകള്‍ക്ക് കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ ഐഒസി വിലക്കേര്‍പ്പെടുത്തിയിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments