ബംഗളൂരു: വീട്ടുജോലിക്കാരിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭർത്താവിന്റെ കാൽ തല്ലിയൊടിക്കാൻ അഞ്ചുലക്ഷം രൂപക്ക് ക്വട്ടേഷൻ നൽകി ഭാര്യ. കാൽ തല്ലിയൊടിച്ചതിന് പിന്നാലെ ഭാര്യയും ക്വട്ടേഷൻ ഏറ്റെടുത്ത മൂന്നംഗ സംഘവും അറസ്റ്റിൽ. കർണാടക കലബുറുഗിയിലെ ഗാസിപുരിലാണ് സംഭവം.
ഗാസിപുർ അട്ടാർ കോമ്പൗണ്ട് സ്വദേശി വെങ്കടേശ് മാലി പാട്ടീലാണ് (60) ആക്രമണത്തിനിരയായത്. മർദനത്തിൽ രണ്ടുകാലിനും കൈക്കും പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. ഭാര്യ ഉമാദേവി, ആക്രമണം നടത്തിയ ആരിഫ്, മനോഹർ, സുനിൽ എന്നിവരെയാണ് ബ്രഹ്മപുര പൊലീസ് അറസ്റ്റുചെയ്തത്.
വെങ്കടേശിന്റെ മകൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് നാലുപേരെയും അറസ്റ്റുചെയ്യുകയായിരുന്നു. ഉമാദേവിയുടെ നിർദേശപ്രകാരം ആരിഫും മനോഹറും സുനിലും ചേർന്ന് വെങ്കടേശിനെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.