തിരുവനന്തപുരം : ഇക്കഴിഞ്ഞ ശബരിമല തീര്‍ത്ഥാടന കാലത്ത് 53.09 ലക്ഷം തീര്‍ത്ഥാടകര്‍ ശബരിമല ദര്‍ശനം നടത്തി.ഓണ്‍ലൈന്‍ ബുക്കിംഗ് വഴി 43,06,601 അയ്യപ്പഭക്തര്‍ ദര്‍ശനം നടത്തിയപ്പോള്‍, തല്‍സമയ ബുക്കിംഗ് വഴി ദര്‍ശനം നടത്തിയവര്‍ 10,03,305 പേരാണ്.
പൊലീസ്, ആരോഗ്യം, ഫയര്‍ & റെസ്ക്യൂ, വനം, റവന്യൂ, കെ.എസ്.ആര്‍.ടി.സി., കെ.എസ്.ഇ.ബി, പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, അക്ഷ്യ-പൊതുവിതരണം, ഭക്ഷ്യ സുരക്ഷാ, തദ്ദേശസ്വയംഭരണം, ദുരന്തനിവാരണം തുടങ്ങി എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും ഒപ്പം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ ഭരണകൂടങ്ങളുടെയും സംയുക്തമായ പ്രവര്‍ത്തനത്തി- ലൂടെയാണ് ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനകാലം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതെന്നു മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
ഭക്തര്‍ക്ക് സുഗമമായ ദര്‍ശന സൗകര്യം, ഇടതടവില്ലാത്ത അന്നദാനം, കുടിവെള്ളം, ലഘുഭക്ഷണം എന്നിവയും ആവശ്യാനുസരണം അരവണ, അപ്പം, മറ്റ് വഴിപാട് പ്രസാദങ്ങള്‍ എന്നിവയും ലഭ്യമാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ കാലേക്കൂട്ടി തന്നെ കൈക്കൊണ്ടിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നിലയ്ക്കലില്‍ കൂടാതെ പമ്പ ഹില്‍ടോപ്പ്, ചക്കുപാലം തുടങ്ങിയ സ്ഥലങ്ങളിലും ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം അനുവദിച്ചിരുന്നു. പമ്പയില്‍ ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനായി ഉണ്ടായിരുന്ന രാമമൂര്‍ത്തി മണ്ഡപം 2018-ലെ പ്രളയത്തില്‍ നശിച്ച് പോയിരുന്നു. ഇതിന് പകരമായി പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനായി വലിയ ജര്‍മ്മന്‍ പന്തല്‍ തയ്യാറാക്കിയിരുന്നു. ഇത് കൂടാതെ സന്നിധാനത്തും പമ്പയിലും പല പ്രദേശങ്ങളിലായി താല്കാലിക പന്തലുകളും ഭക്തരുടെ സൗകര്യാര്‍ത്ഥം ഒരുക്കിയിരുന്നു.
നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആവശ്യാനുസരണം പോലീസ് ഉദ്യോഗസ്ഥരേയും അവരുടെ മേല്‍നോട്ടത്തിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിരുന്നു. ഇതുമൂലം തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ സുഗമമായ ദര്‍ശന സൗകര്യം ഒരുക്കുവാനും സാധിച്ചിട്ടുള്ളതാണ്.
പമ്പ, സന്നിധാനം പാതയില്‍ ആവശ്യാനുസരണം എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍, ചുക്കുവെള്ളം വിതരണം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെ ഒരുക്കിയിരുന്നു. മകരവിളക്ക് ഉത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിനായി ഭക്തര്‍ മകരവിളക്ക് കാണുന്നതിനായി തങ്ങുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ്, വനം, ദേവസ്വം, ജില്ലാ ഭരണകൂടം എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനകള്‍ നടത്തുകയും ബാരിക്കേടുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചിരുന്നതിനാല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ തീര്‍ത്ഥാടകര്‍ക്ക് മകരവിളക്ക് ദര്‍ശിക്കുവാനും സാധിച്ചു.
എം എല്‍ എ മാരായ കടകംപള്ളി സുരേന്ദ്രന്‍ , എം മുകേഷ്, എസ് അരുണ്‍കുമാര്‍, കെ യു ജനീഷ് കുമാര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടാണ് മന്ത്രി ഇക്കാര്യങ്ങള്‍ നിയമസഭയെ അറിയിച്ചത്.