ന്യൂയോര്‍ക്ക്: ദിവസത്തില്‍ ഒരിക്കലെങ്കിലും കുളിക്കണമെന്ന പൊതുധാരണ തിരുത്തുകയാണ് യു എസിലെ ഒരു ഡോക്ടര്‍. പ്രിവന്റീവ് മെഡിസിന്‍ ഡോക്ടറായ ഡോ. ജെയിംസ് ഹാംബ്ലിന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ കുളിച്ചിട്ടില്ലെന്നും എന്നാല്‍ ദുര്‍ഗന്ധം ഇല്ലെന്നും ഇദ്ദേഹം പറയുന്നു.
ഷാംപൂകളും സോപ്പുകളും മറ്റ് തരത്തിലുള്ള ശുചിത്വ ഉല്‍പ്പന്നങ്ങളും ഉപയോഗശൂന്യമാണെന്ന് അദ്ദേഹം പറയുന്നു. അവ ശരീരത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും പൊതുജനാരോഗ്യ വിദഗ്ധനും എഴുത്തുകാരനുമായ ഡോക്ടര്‍ പറയുന്നു. ദിവസവും കുളിക്കേണ്ടതിന്റെ ആവശ്യകതയെ ചോദ്യം ചെയ്തുകൊണ്ട് ഈ ആശയം പര്യവേക്ഷണം ചെയ്യാന്‍ തുടങ്ങി. കുളിക്കുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണോ അതോ കേവലം വ്യക്തിപരമായ മുന്‍ഗണനയാണോ എന്ന് മനസ്സിലാക്കാനാണ് അദ്ദേഹം അഞ്ച് വര്‍ഷത്തേക്ക് കുളിക്കുന്നത് നിര്‍ത്തിയത്.
”ഒരു മെഡിക്കല്‍ ഷോപ്പിലെത്തിയാല്‍ ജലദോഷത്തിനും പനിക്കുമുള്ള മരുന്നുകള്‍ക്കൊപ്പം അടുത്ത ഷെല്‍ഫിലായി ഷാംപൂവും സോപ്പും ഇരിക്കുന്നത് നമുക്ക് കാണാനാകും. ഇത് എന്നെ അത്ഭുതപ്പെടുത്തി. ഇതെന്തിന് വേണ്ടിയാണ്, ഇതിന്റെ ആവശ്യമുണ്ടോ എന്നാണ് ചിന്തിച്ചത്. മൈക്രോബയോമുകളുടെ കേന്ദ്രമാണ് നമ്മുടെ ചര്‍മം. ചര്‍മ്മത്തിന്റെ ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന സൂക്ഷ്മാണുക്കളൂടെ കൂട്ടമാണ് മൈക്രോബയോം…” ജെയിംസ് പറയുന്നു.
സോപ്പുകളുടെയും ഷാംപൂവിന്റെയുമൊക്കെ ഉപയോഗം ചര്‍മ്മത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന എണ്ണതകളും മറ്റും നീക്കം ചെയ്യാന്‍ കാരണമാകുമെന്നും ഒരു പുല്‍ത്തകിടിയില്‍ നിന്ന് മണ്ണ് നീക്കം ചെയ്യുന്നത് പോലെയാണിതെന്നും അദ്ദേഹം പറയുന്നു. ഇത് ചര്‍മ്മം വരണ്ടതാക്കാന്‍ കാരണമാകും ഇതിന് പ്രതിവിധിയായി മറ്റ് ലോഷനുകള്‍ ഉപയോഗിക്കേണ്ടി വരുമെന്നും ജെയിംസ് പറഞ്ഞു. കുളിച്ചില്ലെങ്കില്‍ ശരീരത്തില്‍ ദുര്‍ഗന്ധം ഉണ്ടാവാതാരിക്കാന്‍ താന്‍ പ്രതിവിധി കണ്ടെത്തിയിട്ടുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.
എക്‌സൈസ് ചെയ്യുമ്പോഴോ അല്ലാത്തപ്പോഴോ ശരീരം വിയര്‍ക്കുകയോ ചെയ്യുമ്പോള്‍ വെറുതെ വെള്ളം ഉപയോഗിച്ച് കഴുകിക്കളഞ്ഞാല്‍ മതിയെന്നാണ് അദ്ദേഹം പറയുന്നത്. കുളിക്കുന്നത് നിര്‍ത്താന്‍ താന്‍ ആളുകളോട് പറയുന്നില്ലെന്നും പകരം ശുചിത്വത്തോടുള്ള കൂടുതല്‍ ശ്രദ്ധാപൂര്‍വ്വമായ സമീപനത്തെയാണ് താന്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ജെയിംസ് പറയുന്നു.