ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കമ്പനിയായ ഓപ്പൺ എഐ വാങ്ങാൻ 97 ബില്യൺ ഡോളർ വാഗ്ദാനവുമായി ശതകോടീശ്വരൻ ഇലോൺ മസ്ക്. ഒരുകൂട്ടം നിക്ഷേപകരും ഇലോൺ മസ്കും ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനെ സമീപിച്ചെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ആൾട്ട്മാൻ ഈ വാഗ്ദാനം നിരസിച്ചു.
കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാനും ലാഭേച്ഛയില്ലാത്ത മാർഗത്തിലേക്ക് തിരികെ കൊണ്ടുവരാനും മസ്കും അദ്ദേഹത്തിന്‍റെ നിക്ഷേപ സംഘവും ഓപ്പൺ എഐയുടെ ബോർഡിനോട് ഔദ്യോഗികമായി നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്.
മസ്കിന്‍റെ ഓഫർ നിരസിച്ചുകൊണ്ട് എക്സിൽ തന്നെ ആൾട്ട്മാൻ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ‘നന്ദി ഇല്ല, എന്നാൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ 9.74 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാൻ ഞങ്ങൾ തയ്യാറാണ്’ -എന്നായിരുന്നു ആൾട്ട്മാന്റെ പരിഹാസ രൂപേണയുള്ള ട്വീറ്റ്. ‘വഞ്ചകൻ’ എന്ന് ഇതിന് ഇലോൺ മസ്ക് മറുപടി നൽകുകയും ചെയ്തു. 2022ൽ 44 ബില്യൺ ഡോളറിനാണ് ട്വിറ്റർ ഇലോൺ മസ്ക് വാങ്ങുന്നതും പിന്നീട് അതിന്‍റെ പേര് എക്സ് എന്നാക്കി മാറ്റുന്നതും.
2024-ൽ ഓപ്പൺ എഐക്കെതിരെ രണ്ട് തവണ ഇലോൺ മസ്ക് കേസ് നൽകിയിട്ടുണ്ട്. ആദ്യമായി ജൂലൈയിലാണ് കേസ് നൽകുന്നത്. കമ്പനി അതിന്‍റെ സ്ഥാപക തത്വങ്ങളിൽനിന്ന് വ്യതിചലിച്ച് ലാഭം അടിസ്ഥാനമാക്കിയുള്ള ഘടനയിലേക്ക് മാറുകയാണെന്നായിരുന്നു പരാതി.
ആഗസ്റ്റിൽ മസ്‌ക് വീണ്ടും കേസ് ഫയൽ ചെയ്തു. ലാഭം വർധിപ്പിക്കാൻ ശക്തമായ ‘ആർട്ടിഫിഷ്യൽ ജനറൽ ഇന്‍റലിജൻസ്’ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണെന്നായിരുന്നു പരാതി. ആദ്യകാലത്ത് ഓപ്പൺ എഐയെ പിന്തുണക്കുന്നവരിൽ ഒരാൾ കൂടിയായിരുന്നു മസ്ക്.