വാഷിംഗ്ടൺ: ഫ്രാൻസിൽ നടന്ന എ ഐഉച്ചകോടിയിൽ പങ്കെടുത്ത ശേഷം അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നാളെ അമേരിക്കൻ പ്രസിഡന്റ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തും.
രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി എത്തിയ പ്രധാനമന്ത്രി ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചിനാണ് ട്രംപുമായി കൂടിക്കാഴ്ച നടത്തുക. സൈനിക വിമാനങ്ങൾ വാങ്ങുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാകും. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചർച്ചയിൽ നിലപാട് വ്യക്തമാക്കും. ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡോണൾഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തിയേക്കും. സ്റ്റാർലിങ്ക് ഉപഗ്രഹ ശൃംഖല വഴി ബ്രോഡ്ബാൻഡ് സേവനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്യുമെന്നും സൂചനയുണ്ട്. സ്റ്റാർലിങ്ക് സേവനം ഇന്ത്യയിൽ തുടങ്ങാൻ സന്നദ്ധമാണെന്ന് നേരത്തെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു.