വാഷിംഗ്ടണ്‍: അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് തിരിച്ചടി നല്കുമെന്ന പ്രഖ്യാപനവുമായി ട്രംപ് ഭരണകൂടം. ഇത്തരം രാജ്യങ്ങള്‍ക്കെതരിരേ റെസിപ്രോക്കല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന് വൈറ്റ്ഹൗസ്. ഇത് സംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഉടന്‍ ഒപ്പുവെച്ചേക്കുമെന്ന സൂചനയും നല്കി.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്ന രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയും നികുതി ഏര്‍പ്പെടുത്തുമെന്നതാണ് റെസിപ്രോക്കല്‍ താരിഫ് എന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇത് വന്‍ തിരിച്ചടിയായി മാറാനും സാധ്യതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു തൊട്ടുമുന്‍പാണ് ഇന്ത്യയെ ഉള്‍പ്പെടെ ബാധിക്കുന്ന ഈ നിര്‍ണായക നീക്കം. ചില അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ വന്‍ തീരുവയാണു ചുമത്തുന്നതെന്നും അതേ മട്ടില്‍ തീരുവ ചുമത്തി തിരിച്ചടിക്കാനറിയാമെന്നും ഡോണള്‍ഡ് ട്രംപ് ഡിസംബറില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു.’ഇന്ത്യയും ബ്രസീലുമാണ് യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഏറ്റവുമധികം തീരുവ ചുമത്തുന്നത്. തീരുവ ചുമത്താന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുഴപ്പമില്ല, പക്ഷേ തിരിച്ച് ഞങ്ങളും അതു തന്നെയാണു ചെയ്യാന്‍ പോകുന്നത്’ ട്രംപ് ഡിസംബറില്‍ പറഞ്ഞു. അതിനിടെ രണ്ടു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തി.