Saturday, February 22, 2025

HomeNewsKeralaസ്‌കൂളിൽപോയി സമയം കളയരുതെന്ന് ആഹ്വാനം ചെയ്ത യുട്യൂബർക്കെതിരേ വിദ്യാഭ്യാസ വകുപ്പിന്റെ പരാതി

സ്‌കൂളിൽപോയി സമയം കളയരുതെന്ന് ആഹ്വാനം ചെയ്ത യുട്യൂബർക്കെതിരേ വിദ്യാഭ്യാസ വകുപ്പിന്റെ പരാതി

spot_img
spot_img

പത്തനംതിട്ട: പരീക്ഷ അടുത്തുവരുന്നതിനാല്‍ ഇനി സ്‌കൂളില്‍ പോയി സമയം കളയരുതെന്ന് ഹയര്‍സെക്കന്‍ഡറി കുട്ടികളോട് ആഹ്വാനം ചെയ്ത യുട്യൂബറുടെ പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പൊലീസില്‍ പരാതി നല്‍കി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നല്‍കിയത്. ‘എഡ്യൂപോര്‍ട്ട്’ എന്ന യുട്യൂബ് ചാനലിലൂടെയാണ് ഇത്തരമൊരു ആഹ്വാനം നടത്തിയത്.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇക്കാര്യത്തിൽ ഇടപെടുകയായിരുന്നു. പരാതി നല്‍കിയതിന്റെ തുടര്‍ച്ചയായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഡിജിപിയെ നേരില്‍ കാണും. പരീക്ഷയെഴുതാന്‍ മതിയായ ഹാജര്‍ നിര്‍ബന്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.

‘ഇനി വീട്ടിലിരുന്ന് പഠിക്കാം’ എന്ന തലക്കെട്ടില്‍ 13 ദിവസം മുമ്പാണ് വീഡിയോ വന്നത്. മാര്‍ച്ചില്‍ പരീക്ഷ വരുന്നതിനാല്‍ ഇനി സ്‌കൂളില്‍ പോയി സമയം പാഴാക്കരുതെന്നായിരുന്നു വീഡിയോയിലൂടെയുള്ള ആഹ്വാനം. സ്‌കൂളില്‍ പോകാതിരുന്നാല്‍ ഹാജര്‍ പ്രശ്‌നത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്നാണ് അവതാരകന്റെ വിശദീകരണം.

ഹാജരില്ലാത്തതിന്റെ പേരില്‍ ഒരു സ്‌കൂളിലും കുട്ടികളെ പരീക്ഷയെഴുതിക്കാത്ത സംഭവം ഉണ്ടായിട്ടില്ലെന്നും ഇയാള്‍ പറയുന്നു. രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ സ്‌കൂളില്‍ പോയാല്‍ പഠിക്കാനുള്ള സമയം നഷ്ടപ്പെടുമെന്നാണ് കണ്ടെത്തല്‍. വീട്ടിലിരിക്കുന്നതിന്റെ കാരണം രക്ഷിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിലാണ് കുട്ടികളുടെ വിജയമെന്നാണ് മറ്റൊരുപദേശം.

നിരന്തര മൂല്യനിര്‍ണയം (സിഇ) അധ്യാപകരുടെ വജ്രായുധമാണ്. പക്ഷേ, അതിലൊന്നും കാര്യമില്ല. ആ മാര്‍ക്കൊക്കെ വിദ്യാഭ്യാസവകുപ്പില്‍ എത്തിയെന്നും ഫെബ്രുവരി 17ന് തുടങ്ങുന്ന മോഡല്‍പരീക്ഷയെ ഗൗരവമായി എടുക്കരുതെന്നും വീഡിയോയിൽ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments