ദുബായ്: ഭൂഗര്‍ഭ ഗതാഗത സംവിധാനമായ ‘ദുബായ് ലൂപ്’ പദ്ധതി നടപ്പാക്കാന്‍ ഇലോണ്‍ മസ്‌കിന്റെ ബോറിംഗ് കമ്പനിയുമായി കൈകോര്‍ക്കാന്‍ ദുബായ്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതി നടപ്പാകുന്നതിലൂടെ ദുബായ് നഗരത്തില്‍ ഗതാഗത സംവിധാനത്തില്‍ വന്‍ കുതിപ്പാകും ഉണ്ടാവുക.
പദ്ധതിയുടെ വിശദാംശങ്ങള്‍ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വെളിപ്പെടുത്തി. ഗതാഗതത്തില്‍ വിപ്ലവം സൃഷ്ടിക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ലോക ഗവണ്‍മെന്റ് ഉച്ചകോടിയുടെ ഭാഗമായി ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും (ആര്‍ടിഎ) ദി ബോറിംഗ് കമ്പനിയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
17 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതി. മണിക്കൂറില്‍ 20,000 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന തുരങ്കത്തിനായി 11 സ്റ്റേഷനുകള്‍ ഉണ്ടാകും അത്യാധുനിക മൊബിലിറ്റി സൊല്യൂഷനുകള്‍ വികസിപ്പിക്കാനുള്ള ദുബായിയുടെ പ്രതിബദ്ധതയാണ് പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.
ഭൂഗര്‍ഭ ലൂപ് ഒരു വേംഹോള്‍ പോലുള്ള പദ്ധതിയായിരിക്കുമെന്ന് മസ്‌ക് പറഞ്ഞു.’മികച്ച ഗതാഗത സംവിധാനമാണിത്. നിങ്ങള്‍ നഗരത്തിന്റെ ഒരു ഭാഗത്ത് നിന്ന് വേം ഹോള്‍ ചെയ്യുന്നു എന്നിരിക്കട്ടെ, ബൂം, നിങ്ങളതാ നഗരത്തിന്റെ മറ്റൊരു കേന്ദ്രത്തിലെത്തി കഴിഞ്ഞു’ എന്നാണ് ബോറിങ് സിറ്റികള്‍, എഐ, ആന്‍ഡ് ഡോഗ് എന്ന പ്രമേയത്തിലുള്ള സെഷനില്‍ ഡബ്ല്യുഡിഎസിനെ അഭിസംബോധന ചെയ്തുകൊണ്ട് മസ്‌ക് പറഞ്ഞത്.