ന്യൂഡല്‍ഹി : യുഎസിൽ അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തിയ 119 ഇന്ത്യക്കാരുമായി എത്തുന്ന വിമാനം അമൃത്സര്‍ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത്. അമൃത്സര്‍ വിമാനത്താവളം മാത്രം തിരഞ്ഞെടുക്കുന്നതിനു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢലക്ഷ്യമാണെന്നാണ് ആരോപണം. യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാരുമായുള്ള വിമാനം ഫെബ്രുവരി അഞ്ചിന് ഇന്ത്യയിലെത്തിയതും അമൃത്സറിലായിരുന്നു.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കു പകരം പഞ്ചാബിനെ തന്നെ ഇതിനായി തിരഞ്ഞെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ താൽപര്യത്തിലാണ് പ്രതിപക്ഷത്തിനു സംശയം. പഞ്ചാബിനെ അപമാനിക്കുന്നതിനു വേണ്ടിയാണ് അനധികൃത കുടിയേറ്റക്കാരായി നാടുകടത്തപ്പെടുന്നവരെ എത്തിക്കാന്‍ കേന്ദ്രം പഞ്ചാബിനെ തന്നെ തിരഞ്ഞെടുക്കുന്നതെന്നും പഞ്ചാബ് ധനകാര്യമന്ത്രി ഹര്‍പാല്‍ സിങ് ചീമ ആരോപിച്ചു. എന്തുകൊണ്ടാണ് ഈ വിമാനങ്ങള്‍ ഹരിയാനയിലോ ഗുജറാത്തിലോ ഇറങ്ങാത്തതെന്നും അദ്ദേഹം ചോദിച്ചു. പഞ്ചാബിനെ കേന്ദ്രം ലക്ഷ്യമിടുകയാണ്. ഈ വിമാനങ്ങള്‍ അഹമ്മദാബാദില്‍ ഇറക്കണമെന്നും ഹര്‍പാല്‍ സിങ് ചീമ പറഞ്ഞു.
മുഖ്യമന്ത്രി ഭഗവന്ത് മന് അമൃത്സറിൽ മാധ്യമങ്ങളെ കാണാനിടയുണ്ട്. ശനിയാഴ്ച നാടുകടത്തപ്പെട്ട് എത്തുന്ന പഞ്ചാബ് സ്വദേശികളെ മുഖ്യമന്ത്രി നേരിട്ടു സ്വീകരിക്കുമെന്നും റിപ്പോർട്ടുണ്ട്. നാടുകടത്തപ്പെട്ടവരില്‍ പഞ്ചാബില്‍ നിന്നുള്ളവരും ഉണ്ടെന്നുള്ളതു ശരിയാണെന്നും പക്ഷേ എന്തുകൊണ്ടാണ് ഈ വിമാനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇറങ്ങാത്തതെന്നും കോണ്‍ഗ്രസ് എംഎല്‍എ പര്‍ഗട്ട് സിങും ചോദിച്ചു. ഇന്ത്യന്‍ യുവാക്കളെ വിലങ്ങണിയിച്ചു നാടുകടത്തുന്നത് എന്തിനാണെന്ന് യുഎസിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് ഭരണകൂടത്തോട് ചോദിക്കണമെന്നും പൾഗട്ട് സിങ് പറഞ്ഞു.