Sunday, February 23, 2025

HomeMain Storyലോകത്തിലെ ആദ്യ സ്വവര്‍ഗാനുരാഗിയായ ഇമാം മുഹ്സിന്‍ ഹെന്‍ഡ്രിക്‌സ് കൊല്ലപ്പെട്ടു

ലോകത്തിലെ ആദ്യ സ്വവര്‍ഗാനുരാഗിയായ ഇമാം മുഹ്സിന്‍ ഹെന്‍ഡ്രിക്‌സ് കൊല്ലപ്പെട്ടു

spot_img
spot_img

പോര്‍ട്ട് എലിസബത്ത്: ലോകത്തിലെ ആദ്യ സ്വവര്‍ഗ്ഗാനുരാഗിയായ ഇമാം ആയി കണക്കാക്കപ്പെടുന്ന മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സിനെ കൊലപ്പെടുത്തി. ദക്ഷിണാഫ്രിക്കയിലെ തെക്കന്‍ നഗരമായ ഗ്കെബെര്‍ഹയ്ക്ക് സമീപമാണ് ഹെന്‍ഡ്രിക്സിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് ദക്ഷിണാഫ്രിക്കന്‍ പോലീസ് അറിയിക്കുന്നു.

സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റ് മുസ്ലീങ്ങള്‍ക്കും ഒരു സുരക്ഷിത താവളമെന്ന നിലയിലായിരുന്നു താന്‍ ഇമാം ആയുള്ള ആരാധാനലയം ഹെന്‍ഡ്രിക്സ് ഉപയോഗപ്പെടുത്തിയിരുന്നത്. ശനിയാഴ്ച മറ്റൊരാളോടൊപ്പം കാറില്‍ പോകുമ്പോള്‍ മറ്റൊരു വാഹനം ഇവരുടെ വാഹനത്തിന് കുറുകെ കൊണ്ടു വന്നു നിര്‍ത്തുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന കൊലയാളികള്‍ ഹെന്‍ഡ്രിക്സിനെ വെടിവയ്ക്കുകയായിരുന്നു. അതിനുശേഷം അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കാറിന്റെ പിന്‍ സീറ്റിലായിരുന്നു ഹെന്‍ഡ്രിക്സ്. ഡ്രൈവറെ അക്രമികള്‍ ഉപദ്രവിച്ചില്ല. ഇയാളാണ് ഹെന്‍ഡ്ക്രിസിന്റെ കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.

മുമ്പ് പോര്‍ട്ട് എലിസബത്ത് എന്നറിയപ്പെട്ടിരുന്ന ഗ്കെബെര്‍ഹയ്ക്ക് സമീപമുള്ള ബെഥേല്‍സ്‌ഡോര്‍പ്പില്‍ നടന്ന കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയുടെ ആധികാരികത ഒരു പോലീസ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊലപാകത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ആര്‍ക്കെങ്കിലും കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഉണ്ടെങ്കില്‍ മുന്നോട്ടു വരണമെന്ന് പൊലീസ് പൊതുജനങ്ങളോട് അറിയിച്ചിട്ടുണ്ട്.

മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സിന്റെ കൊലപാതകത്തില്‍ ഇന്റര്‍നാഷണല്‍ ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്, ഇന്റര്‍സെക്‌സ് അസോസിയേഷന്‍(ഐഎല്‍ജിഎ) ശക്തമായി അപലപിച്ചു. മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സിന്റെ കൊലപാതക വാര്‍ത്തയില്‍ ഐഎല്‍ജിഎ അഗാധമായ ഞെട്ടലിലാണ്, ഇതൊരു വിദ്വേഷ കുറ്റകൃത്യമാണെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഇത്തരം ഭയപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കണമെന്ന് ഞങ്ങള്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്” എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജൂലിയ എഹര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വിവിധ എല്‍ജിബിടിക്യു+ അനുഭാവ ഗ്രൂപ്പുകളുടെ ഭാഗമായിരുന്ന ഹെന്‍ഡ്രിക്സ്. 1996-ലാണ് താനൊരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം, മുസ്ലിം സമുദായത്തിലെ എല്‍ജിബിടിക്യു+ അംഗങ്ങള്‍ക്കായി അദ്ദേഹം സ്വന്തം നഗരത്തില്‍ ഒത്തുചേരല്‍ പരിപാടുകളും മറ്റും സംഘടിപ്പിക്കാന്‍ തുടങ്ങി. അവര്‍ക്കായി ഞാന്‍ വാതിലുകള്‍ തുറന്നിട്ടു, പരവതാനി വിരിച്ചു, ഒരുമിച്ചിരുന്ന് ചായ കുടിക്കാനും സംസാരിക്കാനും ഞാനവരെ ക്ഷണിച്ചു’ എന്നായിരുന്നു 2022-ല്‍ ഹെന്‍ഡ്രിക്സ് ദി ഗാര്‍ഡിയനോട് പറഞ്ഞ വാക്കുകള്‍.

2011-ല്‍, സ്വവര്‍ഗരതിയെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു പ്രഭാഷണം തന്റെ സുഹൃത്തില്‍ ഉണ്ടാക്കിയ മാനസികവ്യഥ മനസിലാക്കിയതിന് പിന്നാലെയാണ് ഹെന്‍ഡ്രിക്സ് ഒരു മൊസ്‌ക് സ്ഥാപിക്കുന്നതും, അവിടം സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള ഒത്തുകൂടല്‍ ഇടമായി മാറ്റിയതും. ഇതിനു പിന്നാലെ ഹെന്‍ഡ്രിക്സ് മുസ്ലിം സമുദായത്തിലെ ഒരു പ്രമുഖനായ ഇമാം ആയി പേരെടുക്കുകയും ചെയ്തു. ഇവിടെ സ്വവര്‍ഗാനുരാഗികളായ ആര്‍ക്കും വന്ന് പ്രാര്‍ത്ഥന നടത്താം, ആരും അവരെ വിധിക്കില്ലെന്നായിരുന്നു മുഹ്സിന്‍ ഹെന്‍ഡ്രിക്സ് പറഞ്ഞത്.

തന്റെ ജന്മസ്ഥലമായ കേപ്ടൗണിനടുത്തുള്ള വിന്‍ബര്‍ഗിലായിരുന്നു അല്‍-ഗുര്‍ബാഹ് മസ്ജിദ് അദ്ദേഹം നടത്തിയിരുന്നത്. മുസ്ലിങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകള്‍ക്കും ഇസ്ലാം ആചരങ്ങള്‍ നടത്താന്‍ കഴിയുന്ന ഒരു സുരക്ഷിത ഇടം ഈ പള്ളി പ്രദാനം ചെയ്യുന്നു എന്നായിരുന്നു മസ്ജിദിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്.

തന്റെ ജീവന് ഭീഷണിയുള്ള കാര്യം ഹെന്‍ഡ്രിക്സ് മുന്‍പ് തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി 2022-ല്‍ ഇറങ്ങിയ ദി റാഡിക്കല്‍ എന്ന ഡോക്യുമെന്ററിയില്‍ താന്‍ നേരിടുന്ന ഭീഷണിയെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആക്രമണങ്ങളെ താന്‍ ഭയക്കുന്നില്ലെന്നു പറഞ്ഞ് അദ്ദേഹം ആ ആവശ്യം നിരസിക്കുകയായിരുന്നു. ആധികാരികത പുലര്‍ത്തേണ്ടതിന്റെ ആവശ്യകത മരണഭയത്തെക്കാള്‍ വലുതാണെന്നായിരുന്നു മുഹ്സിന്‍ ഹെന്‍ഡ്രിക്സിന്റെ പ്രത്യയശാസ്ത്രം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments