ജനീവ: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ എത്തിയ ഉടനെ വിദേശ സഹായങ്ങള്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം ലോകത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വരുത്തിവയ്ക്കുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ജീവന്‍ രക്ഷാ മരുന്നുകളുടെ വിതരണം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നിര്‍ത്തിവയ്ക്കാനായിരുന്നു ട്രംപിന്റെ ഉത്തരവ്. എച്ച്.ഐ.വി, മലേറിയ, ക്ഷയം എന്നീ രോഗങ്ങള്‍ക്കുള്ള മരുന്നുകളും ഇതില്‍ ഉള്‍പ്പെടും. ട്രംപിന്റെ ഈ തീരുമാനം ദരിദ്ര രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് എയ്ഡ്‌സ് ബാധിതരുടെ മരണത്തിന് കാരണമാകുമെന്നാണ് യുഎന്നിന്റെ മുന്നറിയിപ്പ്.
യു.എന്നിന്റെ എച്ച്.ഐ.വി-എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഏജന്‍സിയായ യു.എന്‍.എ.ഐ.ഡി.എസ് മേധാവിയായ വിന്നി ബയനിമയാണ് ഇതു സംബന്ധിച്ച കടുത്ത ആശങ്ക പങ്കുവെച്ചത്. ട്രംപ് അധികാരമേറ്റത് മുതല്‍ വിദേശ സഹായങ്ങള്‍ മൂന്ന് മാസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശ സഹായം നല്‍കുന്ന രാജ്യമാണ് അമേരിക്ക. ഇത്തരത്തില്‍ നല്‍കുന്ന മിക്ക ഫണ്ടുകളും യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (യു.എസ്.എ.ഐ.ഡി) വഴിയാണ് വിതരണം ചെയ്യുന്നത്.
വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ എയ്ഡ്സ് രോഗികളുടെ മരണനിരക്ക് പത്ത് മടങ്ങ് വര്‍ധിക്കും. പുതിയ അണുബാധകള്‍ അതിലും എത്രയോ ഇരട്ടിയായി വര്‍ധിക്കുമെന്നും വിന്നി പറഞ്ഞു. ജീവന്‍ രക്ഷാ ചികിത്സകള്‍ക്കുള്ള സഹായം നിര്‍ത്തലാക്കില്ലെന്ന് അമേരിക്ക പിന്നീട് വ്യക്തമാക്കിയെങ്കിലും ആഫ്രിക്കയില്‍ ലഭ്യത വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. എച്ച്ഐവി ബാധിതര്‍ക്കു ജീവിതാവസാനം വരെ നല്‍കേണ്ട ആന്റി റിട്രോവൈറല്‍ മരുന്നുകള്‍ ആഫ്രിക്ക ഉള്‍പ്പെടെയുള്ള ദരിദ്ര രാജ്യങ്ങളില്‍ വിതരണം ചെയ്യാനാണ് ഈ തുക വിനിയോഗിക്കുന്നത്.
യു.എസിന്റെ ഈ തീരുമാനം അതിനാല്‍ തന്നെ ദശലക്ഷക്കണക്കിന് എയ്ഡ്‌സ് രോഗികളെ ബാധിക്കും. പ്രസിഡന്റിന്റെ ഈ എയ്ഡ്‌സ് റിലീഫ് അടിയന്തര പദ്ധതിയില്‍ മരുന്നുകള്‍ക്ക് തല്‍ക്കാലത്തേക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. എങ്കിലും അധികാരത്തില്‍ കയറിയ ഉടന്‍ മാനുഷിക വിഷയങ്ങളില്‍ ഉള്‍പ്പെടെ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ട്രംപിന്റെ സമീപനത്തെ ആശങ്കയോടെയാണ് യു.എന്‍ കാണുന്നത്. ലോകാരോഗ്യ സംഘടനയില്‍ (ഡബ്ല്യു.എച്ച്.ഒ) നിന്ന് പിന്മാറാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിലും ട്രംപ് ഒപ്പുവെച്ചത് ഇത്തരം കടുത്ത നിലപാടുകളുടെ ഭാഗമാണ്.
ഫൗണ്ടേഷന്‍ ഫോര്‍ എയ്ഡ്‌സ് റിസര്‍ച്ചിന്റെ പഠനപ്രകാരം 20 ദശലക്ഷത്തിലധികം എച്ച്ഐവി രോഗികളെയും 270,000 ആരോഗ്യ പ്രവര്‍ത്തകരെയും പിന്തുണയ്ക്കുന്നത് യു.എസില്‍ നിന്നുള്ള സഹായം വിനിയോഗിച്ചാണ്. പല ആഫ്രിക്കന്‍ രാജ്യങ്ങളും വലിയ കടത്തില്‍ മുങ്ങിക്കഴിയുന്നതിനാല്‍ സ്വന്തം നിലയില്‍ അവര്‍ക്ക് രോഗികളെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് വിന്നി കൂട്ടിച്ചേര്‍ത്തു. ദരിദ്ര രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് യുഎസ്എഐഡി നിലകൊള്ളുന്നത്. 1961 -ലാണ് ഈ യു.എന്‍ ഏജന്‍സി സ്ഥാപിതമായത്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഏജന്‍സിയുടെ വാര്‍ഷിക ബജറ്റ് 40 ബില്യണ്‍ ഡോളറിലധികമാണ്.