തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച പ്രസ് ക്ലബിനുള്ള സ്വദേശാഭിമാനി പുരസ്കാരത്തിന് തിരുവനന്തപുരം പ്രസ് ക്ലബ് അർഹമായി. കലാനിധി സെൻ്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ചലച്ചിത്രനിർമ്മാതാവ് കിരീടം ഉണ്ണി, മാധ്യമ പ്രവർത്തകൻ സന്തോഷ് രാജശേഖരൻ, അഡ്വ.കെ.പി.പത്മകുമാർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
പ്രസ് ക്ലബുകളുടെ കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിച്ചതെന്ന് ജൂറി പറഞ്ഞു. പ്രവർത്തനങ്ങളുടെ സമഗ്ര റിപ്പോർട്ട്, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയെല്ലാം വിശദമായി വിലയിരുത്തിയപ്പോൾ തിരുവനന്തപുരം പ്രസ് ക്ലബ് മറ്റ് പ്രസ് ക്ലബുകളെക്കാൾ ബഹുദൂരം മുന്നിലാണ്.മാധ്യമ മേഖലയിലെ ഇടപെടലുകളും മാധ്യമ പ്രവർത്തകരുടെ ക്ഷേമവും സാമൂഹിക പ്രതിബദ്ധതയോടെയുള്ള മറ്റ് പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്. കോഴിക്കോട് പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസ്ഥാന സംഗീത നാടക അക്കാഡമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, കലാനിധി ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ എന്നിവരാണ് അവാർഡ് പ്രഖ്യാപിച്ചത്.ഫെബ്രുവരി 18 ന്കോഴിക്കോട് കൈതപ്രം വിശ്വനാഥം ഓഡിറ്റോറിയത്തിൽ നടക്കുന്ന കലാനിധി സിൽവർ ജൂബിലി ആഘോഷ ചടങ്ങിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി , മട്ടന്നൂർ ശങ്കരൻ കുട്ടി എന്നിവരിൽ നിന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീൺ, സെക്രട്ടറി എം.രാധാകൃഷ്ണൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങും.